യുഎസ്-ഇറാൻ സമാധാന ചർച്ചകള്‍ക്ക് പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ തുടക്കമായി.
ആഴ്ചകളോളം നീണ്ടുനിന്ന സംഘർഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള നിർണ്ണായകമായ യുഎസ്-ഇറാൻ സമാധാന ചർച്ചകള്‍ക്ക് പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ തുടക്കമായി.
അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിൻ്റെ നേതൃത്വത്തിലുള്ള സംഘവും ഇറാനിയൻ പ്രതിനിധികളും ശനിയാഴ്ച മധ്യസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ദുർബലമായ വെടിനിർത്തല്‍ കരാറിന് കരുത്തുപകരാനും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിർണായക കൂടിക്കാഴ്ച. ചർച്ചകളുടെ തുടക്കത്തില്‍ തന്നെ മരവിപ്പിച്ച ഇറാനിയൻ ആസ്തികളെ ചൊല്ലിയുള്ള തർക്കങ്ങളും ഇറാൻ മുന്നോട്ടുവെച്ച കർശന നിബന്ധനകളും അന്തരീക്ഷം വഷളാക്കിയതായാണ് വിവരം.
ഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലുമുള്ള ഇറാൻ്റെ ആസ്തികള്‍ മരവിപ്പിച്ചത് ഒഴിവാക്കാൻ വാഷിംഗ്ടണ്‍ സമ്മതിച്ചതായി ഇറാനിയൻ വൃത്തങ്ങള്‍ അവകാശപ്പെട്ടെങ്കിലും അമേരിക്കൻ ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചു. 2018-ല്‍ മരവിപ്പിക്കുകയും പിന്നീട് ഹമാസ് ആക്രമണത്തിന് പിന്നാലെ ബൈഡൻ ഭരണകൂടം വീണ്ടും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്ത ഏകദേശം 600 കോടി ഡോളറിൻ്റെ ആസ്തികളെക്കുറിച്ചാണ് പ്രധാനമായും തർക്കം നിലനില്‍ക്കുന്നത്.
ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവരടങ്ങുന്ന സംഘം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ആർമി ചീഫ് ജനറല്‍ അസിം മുനീറുമായും കൂടിക്കാഴ്ച നടത്തിയതായി ഇറാൻ സർക്കാർ നടത്തുന്ന പ്രസ് ടിവിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ചർച്ചകളില്‍ വിട്ടുവീഴ്ചയില്ലാത്ത 10 നിബന്ധനകള്‍ ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം.
അമേരിക്കൻ-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം, മരവിപ്പിച്ച മുഴുവൻ ആസ്തികളും വിട്ടുനല്‍കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള കൃത്യമായ സംവിധാനം, ലെബനനിലെ ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ നീണ്ടുനില്‍ക്കുന്ന വെടിനിർത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഇറാൻ മുന്നോട്ടുവച്ചതായാണ് വിവരം.
മുൻപ് നടന്ന ചർച്ചകളില്‍ തിരിച്ചടികള്‍ നേരിട്ടതിനാല്‍ അമേരിക്കയെ തങ്ങള്‍ക്ക് വലിയ അവിശ്വാസമാണെന്ന് വിദേശകാര്യ മന്ത്രി അരാഗ്‌ചി മുന്നറിയിപ്പ് നല്‍കിയതായി എപി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെട്ടത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ച സാഹചര്യത്തിലാണ് പാക്കിസ്ഥാൻ്റെ മധ്യസ്ഥതയില്‍ ചർച്ചകള്‍ നടക്കുന്നത്. വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ സമാധാനത്തിന് ചർച്ചകള്‍ വഴിതുറക്കും എന്ന പ്രതീക്ഷയിലാണ് ലോകം.







+ There are no comments
Add yours