പാലക്കാട്: തീപാറുന്ന പോരാട്ടത്തിനൊടുവിൽ പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിർത്തി. പ്രമുഖ സിനിമാ താരം രമേഷ് പിഷാരടി 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ശോഭ സുരേന്ദ്രൻ ലീഡ് ഉയർത്തി ബിജെപി ക്യാമ്പുകളിൽ ആവേശം സൃഷ്ടിച്ചെങ്കിലും, നഗരസഭയ്ക്ക് പുറത്തുള്ള മേഖലകൾ വോട്ടുചെയ്തതോടെ പിഷാരടി കരുത്ത് കാട്ടുകയായിരുന്നു.
”ജനങ്ങളെയല്ല ഭരിക്കേണ്ടത്, ജനങ്ങൾക്ക് വേണ്ടിയാണ് ഭരിക്കേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്ന ഫലമാണിത്” എന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. ജനാധിപത്യത്തിന്റെ സൗന്ദര്യം ജനങ്ങളെ മാനിക്കുന്നതിലാണെന്നും തന്റെ വിജയത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകർക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഭരിക്കുന്ന നഗരസഭ ഉൾപ്പെടുന്ന പാലക്കാട് ബിജെപിയുടെ ‘എ പ്ലസ്’ മണ്ഡലമായാണ് അറിയപ്പെടുന്നത്. ശോഭ സുരേന്ദ്രൻ ഉയർത്തിയ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് പിഷാരടിയുടെ വിജയം.

+ There are no comments
Add yours