’ കേരളം, കനത്ത ചൂട് തുടരും; 12 ജില്ലകളില്‍ യെലോ അലര്‍ട്…എന്നാൽ വേനൽച്ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത്  വേനൽമഴ ലഭിച്ചേക്കുമെന്ന പ്രവചനം ആശ്വാസം…

Estimated read time 0 min read

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, മറ്റ് ഒമ്പത് ജില്ലകളിൽ 36 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കാം. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എന്നാൽ വേനൽച്ചൂടിന് ആശ്വാസമായി മറ്റന്നാൾ മുതൽ സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചേക്കുമെന്ന പ്രവചനം ആശ്വാസം പകരുന്നുണ്ട്.

ഉയർന്ന അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. സൂര്യരശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ഇരുചക്ര വാഹനയാത്രക്കാർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

+ There are no comments

Add yours