കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈം ബ്രാഞ്ചിന്, സ്ഥിരം യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാൻ നീക്കം
കവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്.
ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷണം നടത്തുക.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം കൈമാറിയത്.
പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ഇത്തരം കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന ഡിജിപിയുടെ മുൻകാല ഉത്തരവ് കണക്കിലെടുത്താണ് നീക്കം.
നിലവിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പേരൂർക്കട പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
കൊട്ടാരത്തിലെത്തി ഇവിടവുമായി ബന്ധപ്പെട്ട് സ്ഥിരമായി വീഡിയോകൾ ചെയ്യാറുള്ള യൂട്യൂബർമാരുടെ പട്ടിക തയ്യാറാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
കൊട്ടാരത്തിൽ സ്ഥിരമായി എത്തുന്നവരുടെയും സ്ഥിര സന്ദർശകരായ വിദേശികളുടെയും മൊഴിയും രേഖപ്പെടുത്തും.
തിരുവനന്തപുരം നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്.
കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്.








+ There are no comments
Add yours