തൃശൂരിൽ  ഭാര്യയും മകളും ആത്മഹത്യ ചെയ്‌ത കേസിൽ ഭർത്താവിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി.

Estimated read time 0 min read

തൃശൂർ: ശാരീരിക പീഡനം മൂലം ഭാര്യയും മകളും ആത്മഹത്യ ചെയ്‌തതിൽ അറസ്റ്റിലായ പ്രതിയായ ഭർത്താവിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. തൃശൂർ പഴഞ്ഞി പെരുന്തുരുത്തി ദേശത്ത് മുതിരംപറമ്പത്ത് വീട്ടിൽ രവീന്ദ്രൻ മകൻ അനീഷിന്റെ(41) ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി.പി. സെയ്തലവി തള്ളിയത്. ഭർത്താവിന്റെ പരസ്ത്രീ ബന്ധവും അവഗണനയും ശാരീരിക പീഡനവും സഹിക്കുവാൻ കഴിയാതെ ഭാര്യയും മകളും ആത്മഹത്യ ചെയ്ത‌തെന്ന കേസിലാണ് നടപടി. 2024 ഓഗസ്റ്റ് 26നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതിയുടെ ബന്ധുകൂടിയാണ് ആത്മഹത്യ ചെയ്ത യുവതി. 2009 മാർച്ച് 21 നാണ് പ്രതി ബന്ധുവായ യുവതിയെ വിവാഹം ചെയ്യുന്നത്. വിവാഹസമയത്ത് സമ്മാനമായി ലഭിച്ച സ്വർണം മുഴുവൻ പ്രതി വില്ക്കുകയും കിട്ടിയ തുക മുഴുവൻ പലവിധത്തിൽ ചിലവഴിക്കുകയും ചെയ്‌തു. കൂടാതെ സ്ഥിരമായി ജോലിയ്ക്ക് പ്രതി പോയിരുന്നില്ല. കൂടാതെ പ്രതി ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു യുവതി. പ്രതിയുടെ വിവാഹേതര ബന്ധം കൂടി അറിഞ്ഞതിൽ മാനസിക സമ്മർദ്ദം താങ്ങാനാവാതെ പത്തുവയസുള്ള മകളേയും കൂട്ടി പിതൃ വീട്ടിൽ തൂങ്ങി

മരിക്കുകയാണ് ചെയ്‌തതെന്ന് പൊലീസ് കോടതിയിൽ വ്യക്തമാക്കി. എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ, യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. തുടർന്നാണ്ഭർത്താവായ അനീഷിനെ ആത്മഹത്യാ പ്രേരണക്ക് അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതി ജാമ്യത്തിന് സെഷൻസ് കോടതി മുമ്പാകെ ഹർജി ഫയൽ ചെയ്യുകയായിരുന്നു. കേസ് ഡയറിയും രേഖകളും പരിശോധിച്ച കോടതി, ആത്മഹത്യ ചെയ്‌ത യുവതിക്കും മകൾക്കും ആത്മഹത്യാപ്രേരണ പെട്ടെന്നുണ്ടായതല്ലെന്നും, പ്രതിയുടെ കാലങ്ങളായുള്ള മാനസികമായും ശാരീരികമായുമുള്ള പീഡനവും പരസ്ത്രീ ബന്ധവുമാണ് കാരണമെന്നും വിലയിരുത്തി. കേസിൻ്റെ അന്വേഷണം പൂർത്തീകരിച്ചിട്ടില്ലെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ഗൗരവമേറിയ കുറ്റകൃത്യത്തിന് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമുള്ളതും ആയതിനാൽ യാതൊരു കാരണവശാലും പ്രതിക്ക് ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാറിന്റെ വാദങ്ങൾ പരിഗണിച്ചാണ് സെഷൻസ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.

+ There are no comments

Add yours