കേരളത്തിന് ആശ്വാസം; എബോള സംശയം നീങ്ങി, 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്…

Estimated read time 1 min read

സംസ്ഥാനത്ത് കടുത്ത ആശങ്ക ഉയർത്തിയ എബോള ഭീതി ഒഴിഞ്ഞു. കോട്ടയത്ത് എബോള ലക്ഷണങ്ങളോടെ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രോഗിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. സൗത്ത് സുഡാനിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ 52 വയസ്സുകാരിയായ കോട്ടയം സ്വദേശിനിയുടെ ഫലമാണ് നെഗറ്റീവായത്. തുടർനടപടികളുടെ ഭാഗമായി ഇവരുടെ രക്ത സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) വിശദമായ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇവിടെ നിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ടിലാണ് രോഗബാധയില്ലെന്ന് വ്യക്തമായത്. ഫലം നെഗറ്റീവായതോടെ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക വാർഡിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ ഡിസ്ചാർജ് ചെയ്തു.

സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് ഈ അമ്പത്തിരണ്ടുകാരി കേരളത്തിൽ എത്തിയത്. യാത്രയ്ക്കിടയിൽ കണക്ഷൻ ഫ്ലൈറ്റിനായി ഇവർ ഉഗാണ്ടയിൽ ഇറങ്ങിയിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഇവർക്ക് കടുത്ത ഛർദ്ദിയും പ്രമേഹം (ഷുഗർ) അമിതമായി ഉയർന്ന നിലയിലുമാണെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം ഇവരെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ എബോള ബാധിത പ്രദേശമായ ഉഗാണ്ട വഴി യാത്ര ചെയ്ത് എത്തിയതാണെന്ന യാത്രാ പശ്ചാത്തലം വ്യക്തമായതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും, മുൻകരുതൽ എന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എബോളയല്ലെന്ന് പൂനെയിലെ പരിശോധനയിൽ ഉറപ്പായതോടെ മെഡിക്കൽ കോളേജ് അധികൃതരും ആരോഗ്യവകുപ്പും വലിയ ആശ്വാസത്തിലാണ്.

എബോള വൈറസ് വ്യാപനം

വൈറസ് മൂലം ഉണ്ടാകുന്ന രോഗബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ രോഗം പകരാം. കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങള്‍….

വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരില്‍ രോഗാവസ്ഥ കുറച്ചു ദിവസങ്ങള്‍കൊണ്ട് തനിയെ മാറുന്നു. എന്നാല്‍ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ചിലരില്‍ കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

+ There are no comments

Add yours