
ദീർഘകാലത്തേക്ക് സ്വകാര്യ പാട്ടത്തിനു നൽകിയ ആലുവ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് (മഹാനാമി ഹോട്ടൽ) സംസ്ഥാന സർക്കാർ തിരികെ പിടിച്ചു. റെസ്റ്റ് ഹൗസ് ഉടൻ ഏറ്റെടുക്കാനും റിപ്പോർട്ട് നൽകാനും പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറെ സർക്കാർ ചുമതലപ്പെടുത്തി.
മഹാനാമി ഹോട്ടലിൻ്റെ പാട്ടക്കരാർ റദ്ദ് ചെയ്‌തതായുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്‌ച പുറത്തിറക്കി. 2003ലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കൽനിന്ന് ആലുവ റെസ്റ്റ് ഹൗസ് 30 വർഷത്തേക്ക് മൂവാറ്റുപുഴ മഹാനാമി ഹെറിറ്റേജ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിന് ഏറ്റെടുക്കുന്നത്. റെസ്റ്റ് ഹൗസിനോടു ചേർന്നുള്ള അധിക ഭൂമി 2005ൽ കൈമാറി. പുനരുദ്ധരിക്കുക, അറ്റകുറ്റപ്പണി നടത്തുക, പ്രവർത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നൽകിയത്. കരാർപ്രകാരം നൽകേണ്ട പണയത്തുക ആദ്യകാലത്ത് കൃത്യമായി നൽകിയെങ്കിലും പിന്നീട് മുടങ്ങി. 15 ശതമാനം പലിശ ഉൾപ്പെടെ സർക്കാരിലേക്ക് നൽകേണ്ട തുക 47.84 ലക്ഷം രൂപയായി. ഇതോടെ 2014ൽ കരാറുകാരനെ ഒഴിവാക്കി സർക്കാർ നോട്ടീസ് നൽകി.


+ There are no comments
Add yours