
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറിൽ മറികടന്നു. ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് അടിച്ചെടുത്തു. 7 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറിൽ 127 റൺസിൽ ഒതുക്കിയിരുന്നു.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സഞ്ജു സാംസൺ- അഭിഷേക് ശർമ സഖ്യം മികച്ച തുടക്കം നൽകി. സഖ്യം രണ്ടോവറിൽ 25 റൺസെടുത്താണ് പിരിഞ്ഞത്. 16 റൺസെടുത്ത അഭിഷേക് ശർമയാണ് ആദ്യം പുറത്തായത്. താരം 7 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും പറത്തി.ഓപ്പണറായി ഇറങ്ങിയ സഞ്ജു സ്ഥാനത്ത് തിളങ്ങി. മലയാളി താരം 19 പന്തിൽ 6 ഫോറുകൾ സഹിതം 29 റൺസ് കണ്ടെത്തി. മൂന്നാമനായി എത്തിയ ക്യാപ്റ്റൻ സൂര്യ കുമാർ യാദവുമൊത്ത് സഞ്ജു 40 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യ കുമാർ 14 പന്തിൽ 3 സിക്സും 2 ഫോറും സഹിതം 29 റൺസെടുത്തു മടങ്ങി.
പിന്നീട് നാലാം വിക്കറ്റിൽ ഒത്തു ചേർന്ന നിതീഷ് കുമാർ റെഡ്ഡി – ഹർദിക് പാണ്ഡ്യ സഖ്യം കൂടുതൽ നഷ്‌ടങ്ങളില്ലാതെ ടീമിനെ ജയ തീരത്തെത്തിച്ചു.
16 പന്തിൽ 5 ഫോറും 2 സിക്‌സും സഹിതം ഹർദിക് 39 റൺസുമായി പുറത്താകാതെ നിന്നു. സിക്സടിച്ചാണ് താരം ഇന്ത്യൻ ജയം ഉറപ്പിച്ചത്. നിതീഷ് 15 പന്തിൽ ഒരു സിക്സ് അടക്കം 16 റൺസുമായി പുറത്താകാതെ ഹർദികിനൊപ്പം തുടർന്നു.


+ There are no comments
Add yours