സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല

Estimated read time 1 min read

സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല

വിവാദങ്ങള്‍ അനാവശ്യമാണെന്നും വോട്ട് എണ്ണുന്നതിന് മുന്‍പ് ഇത്തരം വിവാദങ്ങളില്‍ അര്‍ത്ഥമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം. ബാക്കി കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കേണ്ടത്. നിലവിലെ വിവാദങ്ങള്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും. വിവാദങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണം’, രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ തന്റെ നല്ല സുഹൃത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സാമൂഹ്യ മാധ്യമങ്ങളോട് എനിക്ക് വലിയ ബഹുമാനമാണുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാവരും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള വേദിയുമാണ്. ഈ തിരഞ്ഞെടുപ്പില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വളരെയേറെ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ ഇരുന്നുകൊണ്ട് ധാരാളം സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയലിലൂടെ പ്രചരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതൊക്കെ നല്ല കാര്യമാണ്. അതിനെയൊക്കെ ഞാൻ അഭിനന്ദിക്കുന്ന ഒരാളാണ്. പക്ഷേ ഇപ്പോള്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണ്. കാരണം ജനങ്ങള്‍ വോട്ട് ചെയ്തത് ആ മെഷീൻ സേഫ് കസ്റ്റഡിയിലാണ് .അത് പൊട്ടിച്ചിട്ടില്ല, എണ്ണിയിട്ടില്ല .നാലാം തീയതി മാത്രമേ വോട്ട് എണ്ണി തുടങ്ങുള്ളൂ .

വോട്ട് എണ്ണി തുടങ്ങുന്നതിനു മുമ്ബ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനകത്ത് ഒരു അർത്ഥവുമില്ല. ഞാൻ ഏതായാലും ഈ വിവാദത്തില്‍ പങ്കെടുക്കാത്ത ഒരാളാണ് .ഞാൻ സോഷ്യല്‍ മീഡിയയില്‍ ഒരുതരത്തിലും ആർക്കെങ്കിലും അനുകൂലമായിട്ടോ എനിക്ക് അനുകൂലമായിട്ടോ മറ്റുള്ളവർക്ക് എതിരായിട്ടോ ഒന്നും ചെയ്തിട്ടില്ല. ഇത് അനാവശ്യ വിവാദമാണ്, ഈ വിവാദത്തിന് ഒരു അർത്ഥവുമില്ല .അത് നമ്മളെ വോട്ട് ചെയ്ത് നമ്മളെ വിജയിപ്പിക്കാൻ കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളുടേയും പ്രവർത്തകരുടെയും മനോവീര്യത്തെ കെടുത്താൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂ. അതുകൊണ്ട് ഇത്തരം വിവാദങ്ങളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണം.

സോഷ്യല്‍ മീഡിയയിലൂടെ അല്ലല്ലോ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അതിനൊരു സംവിധാനം ഉണ്ടല്ലോ. കോണ്‍ഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. അതിന് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്. അത് ആ സമയത്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കേണ്ട കാര്യമാണ്. ഫലം വന്ന് കഴിഞ്ഞാല്‍ അതിനനുസരിച്ചുള്ള തീരുമാനം ഹൈക്കമാൻഡ് എടുക്കും. അതെല്ലാവരും അംഗീകരിക്കും.അതാണ് കോണ്‍ഗ്രസിലെ കീഴ്വഴക്കം’, അദ്ദേഹം പറഞ്ഞു.

മത്സരിക്കാത്ത വ്യക്തിക്ക് സാധ്യത ഉണ്ടാവുമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളിലെല്ലാം തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം ആവർത്തിച്ചു.വോട്ട് എണ്ണണം, യുഡിഎഫിന് ഭൂരിപക്ഷം കിട്ടണം. കിട്ടികഴിയുമ്ബോള്‍ ഹൈക്കമാൻറ് കാര്യങ്ങളെല്ലാം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

+ There are no comments

Add yours