വനിതാ ഡോക്‌ടറെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Estimated read time 0 min read

വീട്ടിൽ അതിക്രമിച്ചു കയറി വനിതാ ഡോക്‌ടറെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആപ്പൂർ സ്വദേശിയായ സുനിലാണ് അറസ്റ്റിലായത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്‌ടറെയാണ് ഇയാൾ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചത്. വീട്ടിൽ പാചകം ചെയ്യുന്നതിനിടെ പിന്നിലൂടെ എത്തിയ ഇയാൾ വനിതാ ഡോക്‌ടറുടെ കഴുത്തു ഞെരിക്കുകയായിരുന്നു.

ദേശീയപാതയോരത്ത് കലവൂരിലാണ് വനിതാ ഡോക്‌ടറും ഡോക്‌ടർ കൂടിയായ ഭർത്താവും താമസിക്കുന്നത്. ഇന്നലെ രാവിലെ വീടിൻ്റെ മതിൽ ചാടി ഇയാൾ അകത്തു കയറുകയായിരുന്നു. അടച്ചിട്ടിരുന്ന വീടിൻ്റെ പ്രധാന വാതിൽ തുറന്ന് അകത്തു കയറിയ ഇയാൾ അടുക്കളയിൽ എത്തി പിന്നിലൂടെ ഡോക്‌ടറുടെ കഴുത്തു ഞെരിച്ചു. ശ്വാസം നിലച്ച അവസ്ഥയിലായ ഡോക്‌ടർ കയ്യിൽ കിട്ടിയ സ്‌പൂൺ ഉപയോഗിച്ച് ഇയാളെ കുത്തി.

യുവാവിനെ കീഴ്പ്പെടുത്താൻ ഭർത്താവ് ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന ആയുധങ്ങളെടുത്ത് ഇയാൾ ആക്രമിക്കാൻ തുനിഞ്ഞു. ഇതിനിടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയും പ്രതിയെ കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. മണ്ണഞ്ചേരി പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ലഹരിക്കടിമയാണെന്നും സംഭവ സമയം ഇയാൾ അമിത അളവിൽ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

+ There are no comments

Add yours