യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി…

Estimated read time 1 min read

യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പൊടിയണി വിള വീട്ടില്‍ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്.

സംഭവത്തില്‍ ഭർത്താവ് അഭിലാഷിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. നാഗർകോവില്‍ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി.

ചൊവ്വാഴ്ച വൈകിട്ട് വീടിനുള്ളിലെ കിടപ്പുമുറിയിലെ ഫാനില്‍ വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സന്ധ്യയോടെ ഭർതൃപിതാവ് ചന്ദ്രൻ എത്തിയപ്പോള്‍ വീട് ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിഘ്നേശ്വരി ഫോണ്‍ എടുക്കാത്തതിനെ തുടർന്ന് അയല്‍വാസിയുടെ സഹായത്തോടെ വീടിന്റെ ജനല്‍ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപായിരുന്നു ഇവരുടെ രണ്ടാം വിവാഹ വാർഷികമെന്നും കുടുംബത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നുമാണ് ഭർതൃപിതാവ് ചന്ദ്രൻ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, വിഘ്നേശ്വരി ഭർതൃവീട്ടില്‍ കടുത്ത അധിക്ഷേപങ്ങള്‍ നേരിട്ടിരുന്നതായി യുവതിയുടെ സഹോദരൻ ആരോപിച്ചു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഘ്നേശ്വരിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

+ There are no comments

Add yours