കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയില്‍ രണ്ട് മൃതദേഹമെന്ന് സംശയം…

Estimated read time 0 min read

കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയില്‍ രണ്ട് മൃതദേഹമെന്ന് സംശയം

സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാർ രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.

സെമിത്തേരിയില്‍ ഒരു കല്ലറയില്‍ ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ അടക്കം ചെയ്യാറില്ല. സംഭവം ശ്രദ്ധയില്‍ പെട്ടയുടൻ പൊലീസിനെ അറിയിച്ചെങ്കിലും മതിയായ നടപടി സ്വീകരിച്ചില്ലെന്നും അട്ടിമറി സംശയിക്കുന്നുണ്ടെന്നും ഇടവകാംഗം ജില്‍സി ഉണ്ണിമക്കല്‍ പ്രതികരിച്ചു.

പള്ളിയോട് ചേർന്ന് നിലകൊള്ളുന്ന പൊതുസെമിത്തേരിയിലെ കല്ലറകളിലൊന്നിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ 13ന് മരണപ്പെട്ടയാളെ ഇവിടെ അടക്കം ചെയ്യുന്നതിനായി സ്ലാബ് നീക്കം ചെയ്തപ്പോഴാണ് രണ്ട് മൃതദേഹങ്ങള്‍ അടക്കം ചെയ്ത നിലയില്‍ കണ്ടെത്തിയതെന്ന് നാട്ടുകാരും പള്ളി അധികൃതരും പറഞ്ഞു. മൃതദേഹങ്ങളിലൊന്ന് പെട്ടിയിലും മറ്റൊന്ന് പ്ലാസ്റ്റിക്ക് പായയില്‍ പൊതിഞ്ഞ നിലയിലുമാണുള്ളത്. എന്നാല്‍, പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത് മൃതദേഹം തന്നെയാണോയെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇത് അസ്വാഭാവികമായ കാഴ്ചയാണെന്നും പുറത്ത് നിന്നാരെങ്കിലും കൊലപാതകം നടത്തി ഇവിടെ കൊണ്ടുവന്ന് അടക്കം ചെയ്തതാവാകാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും നാട്ടുകാരില്‍ ചിലർ ആരോപിച്ചു. രണ്ട് മൃതദേഹം കണ്ടെത്തിയെന്ന സംശയത്തിന് പിന്നാലെ 14ന് പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചെങ്കിലും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്താൻ കരിക്കോട്ടുപുര പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട്, വിശ്വാസികളും നാട്ടുകാരും സമൂഹമാധ്യമങ്ങളിലൂടെ വിഷയം കൂടുതല്‍ ചർച്ച ചെയ്യാൻ തുടങ്ങിയതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കാൻ നിർബന്ധിതരാകുകയായിരുന്നെന്നാണ് വിവരം.

+ There are no comments

Add yours