തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനവും സാംസ്കാരിക മുന്നേറ്റവും ലക്ഷ്യമിട്ട് ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും ഇത് സിനിമാമേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്നും മോഹൻലാൽ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് താരം സർക്കാരിന് നന്ദി അറിയിച്ചത്.
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ പോകുന്ന ‘ജെ സി ഡാനിയേല്‍ ഇന്റര്‍ നാഷണല്‍ ഫിലിം സിറ്റി – ചിത്രനഗരം’ കൊച്ചിയില്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. സിനിമയ്ക്ക് വ്യവസായ പദവി നല്‍കുന്നതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ട്. സിനിമാമേഖലയ്ക്ക് കടുത്ത ഭീഷണിയായ വ്യാജപതിപ്പുകൾ തടയാൻ ആന്റി പൈറസി സെൽ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ തനത് കലാ-സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനായി പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു വൻ കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. 50 കോടി രൂപ വകയിരുത്തിയ ഈ പാർക്കിൽ കഥകളി, കൂത്ത്, തെയ്യം, തുള്ളല്‍, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗംകളി തുടങ്ങിയ വിവിധ ഗോത്ര-പരമ്പരാഗത കലാരൂപങ്ങൾ അവതരിപ്പിക്കാനുള്ള സൗകര്യമുണ്ടാകും.







+ There are no comments
Add yours