നെടുമങ്ങാട് ഒന്നരവയസ്സുകാരൻ്റെ മരണം: കൊലപ്പെടുത്തിയത് ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞതിന്; തെളിവെടുപ്പിനിടെ കയ്യേറ്റ ശ്രമം…

Estimated read time 0 min read

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അഷ്കറിന്റെയും അമ്മ അഖിലയുടെയും അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇതിനിടെ, ക്രൂരനായ പ്രതി അഷ്കർ നാട്ടുകാരെയും ബന്ധുക്കളെയും പറ്റിക്കാൻ പ്രയോഗിച്ച ക്രിമിനൽ ബുദ്ധിയുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരികയാണ്. കുഞ്ഞ് അബോധാവസ്ഥയിലായ ശേഷവും, മരിച്ച ശേഷവും പ്രതി കുഞ്ഞിന് ചോറ് വാരിക്കൊടുത്ത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നാട്ടുകാർ വെളിപ്പെടുത്തുന്നത്.

സംഭവദിവസം കുഞ്ഞ് അബോധാവസ്ഥയിലായപ്പോൾ, താൻ ക്രൂരമായി മർദ്ദിച്ചതാണെന്ന വിവരം മറച്ചുവെക്കാൻ കുഞ്ഞിന് ചോറ് വാരി കൊടുക്കുന്നതായി ഒരു ബന്ധുവിനെ അഷ്കർ കാണിക്കുകയായിരുന്നു. യഥാർത്ഥത്തിൽ മരിച്ചുപോയ അല്ലെങ്കിൽ അബോധാവസ്ഥയിലായ കുട്ടിക്കാണ് അഷ്കർ ചോറ് നൽകിക്കൊണ്ടിരുന്നത്. കുഞ്ഞ് ഛർദ്ദിച്ചതാണെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇത്. അഷ്കർ ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്. മുൻപ് കുഞ്ഞിന്റെ കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ കണ്ടപ്പോൾ, അത് അബദ്ധത്തിൽ ചൂടുവെള്ളം വീണതാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

പ്രതി അഷ്കറിനെ തെളിവെടുപ്പിനായി പനവൂരിലെ വാടകവീട്ടിൽ എത്തിച്ചപ്പോൾ നാട് സാക്ഷ്യം വഹിച്ചത് അഭൂതപൂർവ്വമായ ജനരോഷത്തിനാണ്. പ്രതിയെ എത്തിക്കുമെന്നറിഞ്ഞ് സ്ത്രീകളടക്കം വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് മുന്നോട്ടാടുത്ത നാട്ടുകാരിൽ ചിലർ പ്രതിയെ കൈയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. കനത്ത പ്രയത്നത്തിനൊടുവിലാണ് പൊലീസ് ഇയാളെ കാറിലേക്ക് മാറ്റിയത്.

കുഞ്ഞിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുൻപും കുട്ടി അതിക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നു. ആന്തരിക അവയവങ്ങൾക്ക് വരെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയിലാണ് കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് വിശദമായ അന്വേഷണത്തിനാണ് ഒരുങ്ങുന്നത്.

+ There are no comments

Add yours