നടൻ വിജയിന്റെ പാർട്ടിയായ ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം.

Estimated read time 1 min read

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് കോൺഗ്രസ് ഡിഎംകെ സഖ്യം അവസാനിപ്പിച്ചു. നടൻ വിജയിന്റെ പാർട്ടിയായ ടിവികെയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. വർഗീയ ശക്തികളെ മാറ്റിനിർത്തണമെന്ന ഏക ഉപാധിയിലാണ് ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് രൂപപ്പെടുന്നത്. കേവലം ഒരു താൽക്കാലിക നീക്കമല്ല, മറിച്ച് 2029-ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ദീർഘകാല സഖ്യമാണിതെന്ന് കോൺഗ്രസ് വ്യക്തമാക്കി. പഞ്ചായത്ത്‌ മുതൽ പാർലമെന്റ് വരെ ടിവികെയുമായി സഹകരിക്കാനാണ് തീരുമാനം.

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനായി അഞ്ച് കോൺഗ്രസ് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കും. ഇതുസംബന്ധിച്ച കത്ത് ഉടൻ ഗവർണർക്ക് നൽകും. തമിഴ്‌നാട്ടിൽ കാമരാജ് ഭരണം തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി പ്രതികരിച്ചു. എഐഎഡിഎംകെയിലെ ഒരു വിഭാഗം സഖ്യത്തിന് താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും അവരുമായി കൂട്ടുചേരില്ലെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് വ്യക്തമാക്കി. സഖ്യം ഔദ്യോഗികമായതോടെ കോൺഗ്രസ് നേതാക്കൾ പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തി വിജയിയെ കാണും. ദേശീയ തലത്തിലും ടിവികെയുമായി സഖ്യമുണ്ടാകുമെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്. ബിജെപിയെയും മറ്റ് വർഗീയ ശക്തികളെയും തമിഴ്‌നാട്ടിൽ നിന്ന് അകറ്റി നിർത്തുക എന്ന ലക്ഷ്യത്തിലാണ് ഈ പുതിയ പരീക്ഷണം.

+ There are no comments

Add yours