ഫോർട്ട്കൊച്ചി കായലിൽ ‘ബോഡി’ ഒഴുകുന്നതായി വിവരം നൽകിയത് കസ്റ്റംസ്, എടുക്കാനിറങ്ങിയപ്പോൾ ജീവനുണ്ട്, വയോധികനെ രക്ഷപ്പെടുത്തി…

Estimated read time 0 min read

കൊച്ചി: ഫോർട്ട്കൊച്ചി കായലിൽ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വിവരമറിഞ്ഞ് തിരച്ചിലിനിറങ്ങിയ കോസ്റ്റൽ പോലീസിന് ലഭിച്ചത് ഒരു ജീവൻ തിരികെ നൽകാനുള്ള നിയോഗം. കായലിൽ ഒഴുകി നടന്ന വയോധികനെ കോസ്റ്റൽ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. പള്ളുരുത്തി സ്വദേശി പുത്തൻപള്ളി സിറിൾ (67) ആണ് മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കായലിൽ മൃതദേഹം ഒഴുകുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലാണ് സിറിളിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.

ഫോർട്ട്കൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം വെള്ളത്തിൽ ഒരു ശരീരം ഒഴുകുന്നതായി കസ്റ്റംസ് ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ സി.ആർ സിങ്, എസ്.ഐ ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടിൽ തിരച്ചിലിനിറങ്ങി. കായലിൽ ഒഴുകി വരികയായിരുന്ന ശരീരം മൃതദേഹമാണെന്ന് കരുതി ബോട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സിറിളിന് ജീവനുണ്ടെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അദ്ദേഹത്തെ കരയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

+ There are no comments

Add yours