കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയില്‍ പൂർത്തിയാക്കി.

Estimated read time 0 min read

കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൊള്ളാച്ചി ആശുപത്രിയില്‍ പൂർത്തിയാക്കി.

രാവിലെ ആറേകാലോടെ പൊള്ളാച്ചിയില്‍ നിന്ന് മൃതദേഹങ്ങളുമായി ആംബുലൻസുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒൻപത് ആംബുലൻസുകളും ഒന്നിച്ചാണ് പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടത്.

ഇന്ന് മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിലാണ് പൊതുദർശനം. പൊതുദർശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍ നടക്കുക.

അർധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്‍മോർട്ടം പുലർച്ചെ നാലുമണിയോടെയാണ് പൂർത്തിയായത്.

പള്ളിപ്പറമ്പ് ഗവ.എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത്, (52), സുഹറ, (43), ആശ(41), അധ്യാപകനായ അബ്ദുല്‍ മജീദ് (43), മജീദിൻറെ ഭാര്യ റുഖിയ(39),സ്‌കൂളിലെ പാചക തൊഴിലാളി സാജിത, (45), സുഹറയുടെ മകൻ ഹിഷാം, (12), സമീപ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്.

കാഴ്ച പരിമിതിയുള്ള അബ്ദുല്‍ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിൻറെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എല്‍പി സ്‌കൂളില്‍ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്. താൻ ഇത്ര കാലവും ജോലി ചെയ്ത സ്‌കൂളിലെ വിനോദയാത്രയില്‍ അവർ ഒപ്പം കൂടുകയായിരുന്നു.

പൊതുദർശനത്തിനുശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബർ സ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലില്‍ മജീദ്, ഭാര്യ റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനില്‍ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും.ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനില്‍ സുഹറ, മകൻ ഹിഷാം എന്നിവരെ ഖബറടക്കും.

പൊതുദർശനത്തിനുശേഷം അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.

+ There are no comments

Add yours