സ്ത്രീസംവരണത്തിൻ്റെ പേരിൽ മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്ഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ ഇന്ത്യ സഖ്യം
വനിതാ സംവരണത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മണ്ഡല പുനർനിർണ്ണയവുമായി അതിനെ ബന്ധിപ്പിക്കുന്ന സർക്കാർ രീതി രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണഘടനാ ഭേദഗതിയെ സഭയിൽ ശക്തമായി നേരിടുമെന്നും ഖർഗെ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, തേജസ്വി യാദവ്, സഞ്ജയ് റാവത്ത്, നീലോത്പൽ ബസു, ആനി രാജ, ഒമർ അബ്ദുള്ള, ടി ആർ ബാലു, ജോസ് കെ മാണി, എൻ കെ പ്രേമചന്ദ്രൻ തുടങ്ങി പ്രമുഖ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തു.
543 എന്ന നിലവിലെ സീറ്റ് സംഖ്യ നിലനിർത്തിക്കൊണ്ടുതന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ബി ജെ പിയുടെ ദുഷ്ടലാക്കാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് എൻ കെ പ്രേമചന്ദ്രനും, ഇത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു. മണ്ഡല പുനർനിർണ്ണയത്തിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അമിത പ്രാധാന്യം നൽകാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഡി എം കെയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ അറിയിച്ചു.




+ There are no comments
Add yours