റേഷന്‍ കാര്‍ഡ് വിവാദം: ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കും; ഉത്തരവിറക്കി
കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കാന്‍ നിര്‍ദേശം.
ഇത് സംബന്ധിച്ച് അടൂര്‍ ആര്‍ഡിഒ ഉത്തരവിറക്കി. വ്യാജമായി റേഷന്‍കാര്‍ഡില്‍ പേര് ചേര്‍ത്തുവെന്ന പരാതിക്ക് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് റേഷന്‍ കാര്‍ഡില്‍നിന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ നീക്കിയിരുന്നു.
റദ്ദാക്കപ്പെട്ട റേഷന്‍കാര്‍ഡിലെ മേല്‍വിലാസത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിരുന്നത്. റേഷന്‍ കാര്‍ഡിലെ പേര് വെട്ടിയതിന് പിന്നാലെയാണ് വോട്ടര്‍ പട്ടികയില്‍നിന്നും പേര് വെട്ടുന്നത്.
റേഷന്‍കാര്‍ഡ് മേല്‍വിലാസത്തിലെ വീടിന്റെ ഉടമസ്ഥരായ തുവയൂര്‍ തെക്ക് സ്വദേശികളായ മൂന്ന് പേര്‍ ശ്രീനാദേവിക്കെതിരെ പരാതി നല്‍കിയിരുന്നു. വീട്ടില്‍ സ്ഥിരതാമസമില്ലെന്ന് അയല്‍വാസികളും മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സപ്ലൈ ഓഫീസര്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയത്.
പരാതിക്കാരുള്‍പ്പെടെ കാര്‍ഡിലുള്ള വ്യക്തികള്‍ സ്ഥിരതാമസമാക്കുമ്പോള്‍ റേഷന്‍ കാര്‍ഡ് അനുവദിക്കാമെന്നും അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞിരുന്നു.
എന്നാല്‍ അത് തന്റെ ബന്ധുവിന്റെ വീടാണെന്നും സ്ഥിരതാമസം ഉണ്ടായിരുന്നതാണെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. വീടിന് തനിക്ക് നിയമപരമായി ഉടമസ്ഥാവകശമുണ്ട്.
തന്റെ അമ്മാവനും അമ്മായിയുമാണ് വീട്ടിലുണ്ടായിരുന്നത്. അവരുടെ മക്കളാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ഇത് കുടുംബ പ്രശ്‌നമാണെന്നുമായിരുന്നു ശ്രീനാദേവി പറഞ്ഞിരുന്നു.








+ There are no comments
Add yours