കേരളത്തിന്‍റെ തീരപ്രദേശത്ത് കടലില്‍ ചുവപ്പ് നിറം കാണപ്പെടുന്നതില്‍ ആശങ്കവേണ്ടെന്ന് കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്). കടലിന്‍റെ ചുവപ്പ് നിറം ഒരു പ്രകൃതിദത്ത പ്രതിഭാസമാണെന്നും കുഫോസ് അറിയിച്ചു. തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച് മുതല്‍ എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചു വരെ കഴിഞ്ഞ ദിവസങ്ങളിൽ കടലിന്‍റെ നിറത്തില്‍ വലിയ തോതില്‍ നിറ വ്യത്യാസം കാണപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നു. പ്രത്യേകിച്ചും പുതുവൈപ്പ് ബീച്ചിൽ കടൽ തീരത്തോട് ചേർന്ന് തിരമാലകൾ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെട്ടത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കുഫോസ് കടൽ ജല സാമ്പിള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയില്‍ കടല്‍ ജലത്തില്‍ നോക്ടിലൂക്ക (Noctiluca) എന്ന ഡിനോഫ്ലജിലാറ്റേ (dinoflagellate) വിഭാഗത്തിൽപെടുന്ന സൂക്ഷ്മ ജീവിയുടെ കൂടിയ സാന്നിധ്യം കണ്ടെത്തി. ഇത് സാധാരണയായി ‘റെഡ് ടൈഡ്’ (Red Tide) എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ സംഭവമാണെന്നും കുഫോസ് അറിയിച്ചു. പ്രകാശം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരുതരം പ്ലവഗമാണ് നോക്ടിലൂക്ക. ഇവ ഉത്പാദിപ്പിക്കുന്ന വെളിച്ചം രാത്രി കാലങ്ങളിലാണ് കുടുതല്‍ വ്യക്തമായി കാണാനാകുക.
തീരപ്രദേശത്ത് കടലില്‍ ചുവപ്പ് നിറം.. ആശങ്കവേണ്ടെന്ന് കുഫോസ്

+ There are no comments
Add yours