*അഗ്നിപരീക്ഷയിലും പത്തരമാറ്റോടെ നൈപുണ്യയുടെ A++ തിളക്കം *
കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി NAAC A++ തിളക്കത്തിൽ.2002 മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേഷനുള്ള ഈ സ്ഥാപനം രണ്ടാം ഘട്ട NAAC പരിശോധനയിലാണ് A++ ഗ്രേഡ് കരസ്ഥമാക്കിയത്.ഒരു അൺ എയിഡഡ് വിദ്യാഭ്യാസസ്ഥാപനം കൂടിയായ നൈപുണ്യ കോളേജിന് തികച്ചും അഭിമാനാർഹമാണ് ഈ നേട്ടം. ഒരു അഗ്നിശുദ്ധി പരീക്ഷണത്തിന്റെ കടമ്പ കൂടി അതിജീവിച്ചതിനാലാണ് നൈപുണ്യയുടെ നേട്ടത്തിന് മാറ്റേറുന്നത്. 2019ൽ നടന്ന ഒന്നാം ഘട്ട പരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ജൂലൈ മാസത്തിൽ രണ്ടാം ഘട്ട അക്രെഡിറ്റേഷൻ നടപടികളും ഈ കോളേജ് പൂർത്തീകരിച്ചിരുന്നു.പരിശോധകർ നൽകിയത് A++ ഗ്രേഡ് ആയിരുന്നു എന്ന് കരുതുന്നു . ആദ്യഘട്ടത്തിൽ കിട്ടിയ B++ ഗ്രേഡിൽ നിന്നുള്ള വലിയ കുതിപ്പ് കാരണമാകാം വിദഗ്ധ സമിതിയുടെ പുന:പരിശോധനയ്ക്ക് ശുപാർശ ചെയ്യപ്പെട്ടത് . എന്തായാലും ഒരു സെൽഫ് ഫിനാൻസിങ് കോളേജ് അതിന്റെ എല്ലാ വിധ ഊർജ്ജവും സംഭരിച്ച് റീ വിസിറ്റിനൊരുങ്ങി. തങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന്റെ പരിശുദ്ധി തെളിയിക്കുക എന്ന ദൗത്യം കോളേജ് ഒറ്റമനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. അതിന്റെ സാക്ഷ്യമായി മാറി നവംബർ 28,29 ദിവസങ്ങളിൽ നടന്ന റീ വിസിറ്റ്. ഈ പരിശോധനയിൽ ആദ്യത്തേത് പോലെ തന്നെ കോളേജിന്റെ അക്കാദമിക നിലവാരവും സൗകര്യങ്ങളും സാമൂഹികോന്മുഖമായ പഠനപദ്ധതികളും പ്രവർത്തനങ്ങളും വീണ്ടും സമഗ്രവും കണിശവുമായി വിലയിരുത്തപ്പെടുകയുണ്ടായി. പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും ചേർന്ന് ഏറ്റവും ആത്മാർത്ഥമായി നൈപുണ്യയുടെ അന്ത:സത്തയും ശേഷിയും പരിശോധകർക്കു മുൻപിൽ തുറന്നു കാണിക്കുകയായിരുന്നു.ഒരു പിയർ ടീം വിസിറ്റിന് കേവലം നാലു മാസങ്ങൾക്കിപ്പുറം വീണ്ടുമൊരു പരിശോധനയ്ക്കൊരുങ്ങുക എന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളെയെല്ലാം മറന്നുകൊണ്ട് നൈപുണ്യ ടീം കൈവരിച്ച തിളക്കത്തിന് ഇരട്ടി മധുരം. വീണ്ടും A++ അതും ഉയർന്ന സ്കോറോട് കൂടി. പരിമിതമായ സാഹചര്യങ്ങളിൽ നിന്നുയർന്നു വന്ന ഒരു കലാലയത്തിന് അഭിമാനോജ്ജ്വലമായ മുഹൂർത്തം തന്നെയാണിത് . കാൽ നൂറ്റാണ്ടിലധികമായി സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ മാതൃക അനുശീലിച്ചു വരുന്ന കലാലയമെന്ന നിലയിൽ നൈപുണ്യയ്ക്കിത് അർഹതയ്ക്കുള്ള അംഗീകാരം.


+ There are no comments
Add yours