
പാറശ്ശാല : ഷാരോൺരാജിനെ കാമുകി കഷായത്തിൽ വിഷംകലർത്തി കൊലപ്പെടുത്തിയ കേസിലെ തെളിവ് വിചാരണ നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ തുടങ്ങി.കേസിലെ ഒന്നും രണ്ടും മൂന്നും സാക്ഷികളെ ആദ്യദിനത്തിൽ വിസ്തരിച്ചു. കേസിലെ പ്രതികളായ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവർ കോടതിയിൽ ഹാജരായിരുന്നു.
ചൊവ്വാഴ്ച, ഒന്നുമുതൽ പത്തുവരെ സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഷാരോണിന്റെ സഹോദരൻ, ഷാരോണിനെ ബൈക്കിൽ ഗ്രീഷ്മയുടെ വീട്ടിൽ എത്തിച്ച സുഹൃത്ത്, മെഡിക്കൽ കോളേജിൽവെച്ച് തന്നെ വിഷം കുടിപ്പിച്ചതായി ഷാരോൺ വെളിപ്പെടുത്തിയ ബന്ധു എന്നിവരെ മാത്രമാണ് അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം.ബഷീർ തെളിവുവിചാരണ നടത്തിയത്.കേസിൽ നിർണായക തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയ, ഷാരോൺ രണ്ടാംസാക്ഷിയായ സുഹൃത്തിന്റെ ബൈക്കിൽ ഗ്രീഷ്മയുടെ വീട്ടിലേക്കു പോയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.
പാറശ്ശാല സമുദായപ്പറ്റ് ജെ.പി.ഭവനിൽ ജയരാജിന്റെ മകൻ ഷാരോൺരാജി(23)നെ കന്യാകുമാരി ജില്ലയിലെ രാമവർമൻചിറ, പൂമ്പള്ളിക്കോണം, ശ്രീനിലയത്തിൽ ഗ്രീഷ്മ (22), ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരുടെ സാഹായത്തോടെ കഷായത്തിൽ വിഷംകലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2022 ഒക്ടോബർ 13-നും 14-നുമായി വിഷംകലർത്തിയ കഷായം പ്രതികൾ ഷാരോണിനു നൽകിയെന്നാണ് കേസ്.തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഷാരോൺ 25-ന് മരിച്ചത്. ആദ്യം പാറശ്ശാല പോലീസ് അന്വേഷിച്ച കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം കോടതിയിൽ നൽകിയത്. കുറ്റപത്രപ്രകാരം 142 സാക്ഷികളാണ് ഉള്ളതെങ്കിലും കോടതി 131 പേരെ വിസ്തരിക്കാനാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രതികൾ കേസിലെ വിചാരണസംഭവം നടന്നെന്നു പറയുന്ന തമിഴ്നാട്ടിലെ കോടതികളിലൊന്നിൽ നടത്തണമെന്ന് സുപ്രീം കോടതിവരെ പോയതിനെ തുടർന്നാണ് തെളിവ് വിചാരണ വൈകിയത്.


+ There are no comments
Add yours