
*ആറാട്ടുപുഴ ക്ഷേത്രത്തിലെ വിജയദശമി*
ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തിൽ രാവിലെ സരസ്വതി പൂജയ്ക്കുശേഷം 7 മണിക്കാണ് എഴുത്തിനിരുത്തൽ ആരംഭിച്ചത്. വിദ്യാദേവനും സൂര്യവംശത്തിൻെറ കുലഗുരുവുമായ വസിഷ്ഠ സങ്കല്പമുളള ശാസ്താവിന്റെ നടപ്പുരയിലാണ് കുഞ്ഞോമനകൾക്ക് ഹരിശീ കുറിച്ചത്. ആചാര്യൻ കുട്ടികൾക്ക് സ്വർണ്ണ മോതിരം കൊണ്ട് നാവിൽ ആദ്യാക്ഷരം കുറിച്ചതിനു ശേഷം ഓട്ടുരുളിയിലെ ഉണക്കല്ലരിയിൽ അക്ഷരമാലയും എഴുതിച്ചു. ഉരുളിയിലെ ഉണക്കല്ലരി കുട്ടികൾക്ക് പ്രസാദമായി നൽകി. ആറാട്ടുപുഴ വാരിയത്ത് രമേഷ് വാരിയർ എഴുത്തിനിരുത്തലിന് നേതൃത്വം നൽകി.
സരസ്വതീ മണ്ഡപത്തിലെ പൂജക്ക് ശേഷമാണ് മുൻ വശത്തെ വിളക്കുമാടത്തറയിൽ സമൂഹ അക്ഷര പൂജ നടന്നത്. ക്ഷേത്രത്തിന്റെ തെക്കെ വിളക്കുമാടത്തറയിലെ മണലിൽ ആദ്യാക്ഷര പുണ്യ സ്മരണയിൽ പ്രായഭേദമെന്യേ നൂറുകണക്കിന് ഭക്തർ ഒരുമിച്ചു ചേർന്നു അക്ഷരമാല എഴുതി.
11 മണി വരെ സമൂഹ അക്ഷരപൂജ തുടർന്നു.
സരസ്വതിപൂജക്ക് സമർപ്പിച്ച പുസ്തകകെട്ടുകൾ ക്ഷേത്രത്തിലെ ഉച്ചപൂജക്ക് ശേഷം ഭക്തർ ഏറ്റുവാങ്ങി. ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട്മന മോഹനൻ നമ്പൂതിരി എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി.
ശാസ്താവിന് സമർപ്പിച്ച കാഴ്ചക്കുലകളും ഭക്തർക്ക് പ്രസാദമായി നൽകി.
രാവിലെ 7 മുതൽ ആറാട്ടുപുഴ രാജേഷും സംഘവും അവതരിപ്പിച്ച സംഗീതാർച്ചനയും ഉണ്ടായിരുന്നു.






+ There are no comments
Add yours