കേരളത്തിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത: മത്സ്യ ബന്ധനത്തിന് വിലക്ക്…

Estimated read time 1 min read

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

മഹാരാഷ്ട്ര തീരത്തോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും വടക്കൻ തെലങ്കാനയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള മറ്റൊരു ചക്രവാതച്ചുഴിയും കേരളത്തിലെ മഴ ശക്തമാകാൻ കാരണമായതായി വിലയിരുത്തുന്നു. ജൂൺ 29 മുതൽ ജൂലൈ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴ തുടരുമെന്നാണ് പ്രവചനം. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 3 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

കടലിൽ മോശം കാലാവസ്ഥ തുടരുന്നതിനാൽ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

+ There are no comments

Add yours