അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത് മികച്ച ആസൂത്രണത്തിലൂടെയെന്ന് റിപ്പോർട്ടുകള്‍…

Estimated read time 1 min read

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത് മികച്ച ആസൂത്രണത്തിലൂടെയെന്ന് റിപ്പോർട്ടുകള്‍.

ബാങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയില്‍ കുറവ് കണ്ടെത്തിയതോടെയാണ് ട്രസ്റ്റ് അധികൃതർക്ക് സംശയമുണ്ടായത്. പതിവായി 6-7 ലക്ഷം രൂപ ലഭിക്കേണ്ട സ്ഥാനത്ത് 500 രൂപയുടെ കെട്ടുകളില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടർന്ന് പണം എണ്ണുന്ന മുറിയില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചു. ഇതോടെയാണ് തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഒരാള്‍ സി.സി.ടി.വി ക്യാമറക്ക് മുന്നില്‍ നിന്ന് ദൃശ്യങ്ങള്‍ മറക്കുമ്പോള്‍, മറ്റൊരാള്‍ തുക കൈക്കലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു പതിവ്. ഇവർക്ക് പുറമെ, മറ്റൊരു രീതിയിലും തട്ടിപ്പ് നടന്നിരുന്നു. പണം എണ്ണുമ്പോള്‍ ബണ്ടിലുകളില്‍ അധിക നോട്ടുകള്‍ തിരുകി കയറ്റിയ ശേഷം, ബാങ്കിലേക്ക് അയക്കുമ്പോള്‍ ഈ നോട്ടുകള്‍ എടുത്തുമാറ്റും. ഇങ്ങനെ കണക്കുകള്‍ കൃത്യമാണെന്ന് വരുത്തിത്തീർത്ത് പണം തട്ടിയെടുക്കുകയായിരുന്നു.തട്ടിയെടുത്ത പണം ആദ്യം ക്ഷേത്ര സമുച്ചയത്തിലെ ശൗചാലയങ്ങളിലാണ് ഒളിപ്പിച്ചിരുന്നത്. പിന്നീട് അവസരം കിട്ടുമ്പോള്‍ അത് പുറത്തേക്ക് കടത്തുകയും പങ്കുവെക്കുകയുമായിരുന്നു. 2024ല്‍ ക്ഷേത്രം തുറന്നതുമുതല്‍ ഈ സംഘം തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് സൂചന. ഏപ്രില്‍ 27 മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള കാലയളവില്‍ മാത്രം 70 തവണ ഇവർ പണം മോഷ്ടിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് തെളിഞ്ഞു.

അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ യാദവ് (തിന്നു യാദവ്) എന്നിവരാണ് അറസ്റ്റിലായ എട്ടുപേർ. തട്ടിപ്പിന്റെ സൂത്രധാരന്മാരായ തിന്നു യാദവും സുഭാഷ് ശ്രീവാസ്തവയുമാണ്. ചമ്പത്ത് റായിയുടെ ഡ്രൈവറായിരുന്ന തിന്നു യാദവാണ് സ്വന്തം ബന്ധുവായ മനീഷിനെ പണം എണ്ണുന്ന സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ക്ഷേത്രത്തിലെ നിധിശേഖരത്തില്‍നിന്ന് സ്വർണാഭരണങ്ങളും ഇവർ മോഷ്ടിച്ചതായി റിപ്പോർട്ടിലുണ്ട്.

സെക്യൂരിറ്റി പ്രോട്ടോക്കോളുകള്‍ പേപ്പറില്‍ മാത്രമായി ഒതുങ്ങിയെന്നും മേല്‍നോട്ട തലത്തില്‍ കടുത്ത വീഴ്ചയുണ്ടായെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർ ക്ഷേത്രത്തില്‍നിന്ന് പോകുമ്പോള്‍ പരിശോധന നടത്തിയിരുന്നില്ല. മുൻകാലങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകളും സി.സി.ടി.വി കവറേജിലെ പോരായ്മകളും ഇടക്കാല റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ഏഴ് മുതല്‍ 7.5 കോടി രൂപ വരെ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്. നിലവില്‍ 70 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുമായും ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

+ There are no comments

Add yours