വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കൽ: യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം തീരുമാനം

Estimated read time 1 min read

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കൽ: യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം തീരുമാനം

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവ് സംബന്ധിച്ച് യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കൂ എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ആറു മാസത്തിനകം ഉദ്യോഗസ്‌ഥർക്കു നോട്ട് നൽകിയത് അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.വി.ഗോവിന്ദൻ ആണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സർക്കാർ ആണ്. വീര്യം കുറഞ്ഞ മദ്യം സംസ്‌ഥാനത്ത് ലഭ്യമാക്കുമെന്ന മദ്യനയം ഇടതു സർക്കാരിന്റേതാണ്. ഇതിനായി വിദേശമദ്യച്ചട്ടത്തിൽ ഭേദഗതി നടത്തി. ബക്കാഡി ആവശ്യപ്പെട്ടതു പ്രകാരം നികുതി നിശ്ചയിക്കാനുള്ള നടപടിക്രമങ്ങളും കഴിഞ്ഞ സർക്കാർ ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പ് ആയതിനാൽ നടപ്പാക്കായില്ല. മറ്റ് സംസ്‌ഥാനങ്ങളിലെ സ്ഥിതി കൂടി പരിശോധിച്ച ശേഷം പുതിയ സർക്കാർ കൂടിയ നികുതിയാണ് നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018-19ൽ 40 ശതമാനം മുതൽ 60 ശതമാനം വരെ വീര്യമുള്ള ഫോറിൻ മെയ്‌ഡ് ഫോറിൻ ലിക്കറിന് 78 ശതമാനം നികുതിയാണ് മുൻ സർക്കാർ നിശ്ചയിച്ചത്. 2023ൽ അത് 115 ശതമാനമാക്കി. ഷിവാസ് റീഗലിൽനിന്നും ജോണി വാക്കറിൽനിന്നും കൈനീട്ടി വാങ്ങിയിട്ടാണോ 78 ശതമാനം നികുതി നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ഇക്കാര്യം യുഡിഎഫിൽ ചർച്ച ചെയ്യും. നടപ്പാക്കാനാണ് തീരുമാനമെങ്കിൽ ഇപ്പോൾ നിശ്ച‌യിച്ച നികുതി പ്രാബല്യത്തിലാകും. വിൽക്കേണ്ട എന്നാണ് രാഷ്ട്രീയ തീരുമാനമെങ്കിൽ വിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി നിശ്ചയിച്ചതിൽ വകുപ്പുകൾ തമ്മിൽ ഭിന്നതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പണ്ട് ഫയലുകൾ എകെജി സെന്ററിൽ കൊണ്ടുപോയിരുന്നതു പോലെ ഇപ്പോൾ ഫയലുകൾ കെപിസിസിയിൽ കൊണ്ടുപോകുന്ന രീതിയില്ല. ഒരു കോൺഗ്രസ് മന്ത്രിയും അതു ചെയ്യില്ല. നികുതി നിശ്ചയിക്കുന്ന ഫയൽ പാർട്ടി ഓഫിസിൽ കൊണ്ടുപോകുന്ന രീതി ഈ സർക്കാരിന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

+ There are no comments

Add yours