നടി ഗൗതമി അണ്ണാഡിഎംകെയില്‍ നിന്നു രാജി വെച്ചു.

Estimated read time 1 min read

നടി ഗൗതമി അണ്ണാഡിഎംകെയില്‍ നിന്നു രാജി വെച്ചു.

അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായ എടപ്പാടി കെ. പളനിസ്വാമിക്ക് നല്‍കിയ കത്തിലൂടെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പ്രചാരണ വിഭാഗം സംസ്ഥാന ഉപകാര്യദർശി സ്ഥാനത്തുനിന്നും താൻ രാജിവെക്കുന്ന കാര്യം ഗൗതമി അറിയിച്ചത്. തന്റെ തീരുമാനത്തിന് പിന്നില്‍ മറ്റ് താല്‍പ്പര്യങ്ങളില്ലെന്നും പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ സാധാരണക്കാരുമായി കൂടുതല്‍ സമ്പർക്കം പുലർത്താനും അവർക്കായി കൂടുതല്‍ ഊർജ്ജത്തോടെ പ്രവർത്തിക്കാനുമാണ് ഈ രാജി സമർപ്പിക്കുന്നതെന്നും താരം വ്യക്തമാക്കി.

തെന്നിന്ത്യൻ സിനിമാ രംഗത്ത് സൂപ്പർതാരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ ഒട്ടനവധി നായിക വേഷങ്ങള്‍ കൈകാര്യം ചെയ്ത ശേഷമാണ് ഗൗതമി തന്റെ രാഷ്ട്രീയ പ്രവർത്തന രംഗത്ത് സജീവമായത്. ബിജെപിയില്‍ ഏറെ കാലം പ്രവര്‍ത്തിച്ച ശേഷമാണ് ഗൗതമി എഐഎഡിഎംകെയില്‍ ചേര്‍ന്നത്. എല്‍.കെ. അദ്വാനിയില്‍ നിന്ന് 1997 ലാണ് അവർ ബിജെപി അംഗത്വം സ്വീകരിച്ചത്. 25 വർഷത്തോളം ബിജെപിയുടെ യുവമുഖമായിരുന്നു. യുവമോര്ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്‌നാട് എന്നിവടങ്ങളില്‍ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രചാരണങ്ങളുടെ മുൻനിരയില്‍ ഗൗതമി ഉണ്ടായിരുന്നു. 2021 ലെ തിരഞ്ഞെടുപ്പില്‍ രാജപാളയം നിയമസഭാ മണ്ഡലത്തിന്റെ പ്രത്യേക ഇൻ ചാർജ് ആയി അവർക്ക് ചുമതല നല്‍കി.

ബിജെപി ബന്ധം 2023 ഒക്ടോബർ 23-നാണ് ഗൗതമി അവസാനിപ്പിച്ചത്. 25 കോടിയോളം രൂപയുടെ കുടുംബ സ്വത്തുക്കള്‍ ഒരു വ്യക്തി തട്ടിയെടുത്തപ്പോള്‍, അതിന് ബിജെപിയിലെ ചില നേതാക്കള്‍ പിന്തുണ കൊടുത്തിരുന്നതായി അവർ വെളിപ്പെടുത്തി. സ്വന്തം രാഷ്ട്രീയ പാർട്ടി തനിക്ക് യാതൊരുവിധ സംരക്ഷണവും സഹായവും നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി വിട്ടത്.

2024 ഫെബ്രുവരി 14-ന് അണ്ണാഡിഎംകെയില്‍ ചേരുകയാണുണ്ടായത്. പാർട്ടി തലവൻ എടപ്പാടി പളനിസ്വാമിയുടെ നേരിട്ടുള്ള ആശിർവാദത്തോടെയാണ് അവർ അംഗത്വമെടുത്തത്. ജയലളിതയോടുള്ള ബഹുമാനവും ഇപിഎസിന്റെ മികച്ച നയങ്ങളുമാണ് തന്നെ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചതെന്ന് അവർ പറഞ്ഞിരുന്നു. കുറച്ച്‌ ആഴ്ചകളായി നേതൃത്വ സ്ഥാനങ്ങളില്‍ നിന്നും പാർട്ടി പദവികളില്‍ നിന്നും പൂർണ്ണമായി വിട്ടുനില്‍ക്കുകയാണ് ഗൗതമി. ഇന്ന് രാജി പ്രഖ്യാപിക്കുകയും ചെയ്തു.

+ There are no comments

Add yours