സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണം, ലൈസൻസില്ലാത്തവ അടച്ചുപൂട്ടും, സാമൂഹികനീതി വകുപ്പ്…

Estimated read time 0 min read

സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്. കുട്ടികൾ, വയോധികർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർ താമസിക്കുന്ന എല്ലാ അഭയകേന്ദ്രങ്ങളിലും സമഗ്ര പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയാൽ അടച്ചുപൂട്ടുന്നതിനുള്ള നടപടികളും സ്വീകരിക്കും.

കൊല്ലം തെന്മലയ്ക്ക് സമീപമുള്ള വെള്ളിമല ക്ഷേത്രഗിരി അഭയകേന്ദ്രത്തിൽ വയോധികയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിലായ സംഭവമാണ് നടപടിക്ക് വഴിവെച്ചത്. സംഭവത്തെ ഗൗരവമായി കണ്ട സാമൂഹികനീതി വകുപ്പ് സംസ്ഥാനവ്യാപക പരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലുള്ള ആളുകളെ സംരക്ഷിക്കുന്ന നിരവധി അഭയകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ചിലത് ആവശ്യമായ അംഗീകാരമോ ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കാനാണ് തീരുമാനം.

അംഗീകാരമില്ലാത്ത കേന്ദ്രങ്ങൾ പൂട്ടേണ്ട സാഹചര്യം ഉണ്ടായാൽ അവിടെയുള്ള അന്തേവാസികളെ സുരക്ഷിതമായ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. അവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും മുൻഗണന നൽകിയാണ് നടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

+ There are no comments

Add yours