ഇറാനില്‍ ഇന്ന് രാത്രി ശക്തമായ ആക്രമണം നടത്തും: ഡോണള്‍ഡ് ട്രംപ്…

Estimated read time 0 min read

ഇറാനില്‍ ഇന്ന് രാത്രി ശക്തമായ ആക്രമണം നടത്തും: ഡോണള്‍ഡ് ട്രംപ്

ഇറാനെതിരേ ഇന്ന് രാത്രി ശക്തമായ വ്യോമാക്രമണം നടത്തുമെന്നും ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് ഉള്‍പ്പടെയുള്ള ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ അധികം വൈകാതെ അമേരിക്കന്‍ സൈന്യം പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ എണ്ണ, ഗ്യാസ് വിപണികളുടെ പൂര്‍ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും, വെനിസ്വേലയില്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കി എണ്ണ വിപണി നിയന്ത്രണത്തിലാക്കിയ യുഎസ് തന്ത്രം ഇറാനിലും ആവര്‍ത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ നാവികസേന, വ്യോമസേന, റഡാര്‍ സംവിധാനങ്ങള്‍ തകര്‍ക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഈ ഓപ്പറേഷന്റെ കൃത്യമായ വിവരങ്ങളോ ഇതിനായി എത്രത്തോളം സൈന്യത്തെ വിന്യസിക്കേണ്ടി വരുമെന്നോ ട്രംപ് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന തിരിച്ചടികള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. പാകിസ്താന്റെ മധ്യസ്ഥതയില്‍ ഏപ്രിലില്‍ ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ മേഖലയില്‍ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇറാന്റെ വിവിധ ഇടങ്ങളില്‍ അമേരിക്ക ഇന്ന് ആക്രമണം നടത്തിയത്. സമാധാന കരാറിലെത്താനുള്ള ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു.

+ There are no comments

Add yours