കെഎസ്‌ആർടിസി വഴി നടപ്പിലാക്കുന്ന പുതിയ സൗജന്യയാത്രാ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ തള്ളി ഗതാഗത മന്ത്രി…

Estimated read time 1 min read

കെഎസ്‌ആർടിസി വഴി നടപ്പിലാക്കുന്ന പുതിയ സൗജന്യയാത്രാ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ തള്ളി ഗതാഗത മന്ത്രി.

ഇത് കെഎസ്‌ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ പറഞ്ഞു. തിരിച്ചടവിനെ കുറിച്ചോ കെഎസ്‌ആർടിസിയുടെ നിലനില്‍പ്പിനെ കുറിച്ചോ പൊതുജനങ്ങളും മാധ്യമങ്ങളും ആശങ്കിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രതിമാസം 60 കോടി രൂപയ്ക്കും 70 കോടി രൂപയ്ക്കും ഇടയിലുള്ള തുക ധനകാര്യ വകുപ്പ് വഴി അല്ലെങ്കില്‍ സംസ്ഥാന ട്രഷറിയില്‍ നിന്ന് നേരിട്ട് കെഎസ്‌ആർടിസിക്ക് നല്‍കും. ഇതിനായുള്ള എല്ലാ സാങ്കേതിക നടപടികളും പൂർത്തിയായിക്കഴിഞ്ഞു. നിലവിലുള്ള ഓർഡിനറി, ഓർഡിനറി ലിമിറ്റഡ് സർവീസുകളിലാണ് നിലവില്‍ ഈ സൗജന്യങ്ങള്‍ ലഭ്യമാവുക.’മന്ത്രി വ്യക്തമാക്കി

പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍ രംഗത്തുവന്ന വിഷയത്തിലും മന്ത്രി പ്രതികരിച്ചു.’സ്വകാര്യ ബസ് മേഖലയെ കേവലം മുതലാളിമാരായിട്ടല്ല, മറിച്ച്‌ പൊതുഗതാഗത രംഗത്തെ ബഹുമാന്യരായ നിക്ഷേപകരായിട്ടാണ് സർക്കാർ കാണുന്നത്. അവർ നേരിടുന്ന മള്‍ട്ടിപ്പിള്‍ ടാക്സ് (റോഡ് ടാക്സ്, വണ്ടി വാങ്ങുമ്പോള്‍ നല്‍കുന്ന നികുതി, ഡീസല്‍ നികുതി) ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ സർക്കാർ ഗൗരവത്തോടെ അഭിസംബോധന ചെയ്യും. ഇതിനോടകം തന്നെ സ്വകാര്യ ബസ് ഉടമകളുടെ വിവിധ പ്രതിനിധികള്‍ താനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും, പദ്ധതി പ്രോഗ്രസ് ചെയ്യുന്നതിനനുസരിച്ച്‌ അവരുടെ ആശങ്കകള്‍ പൂർണ്ണമായും പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

+ There are no comments

Add yours