മനുഷ്യന്റെ വ്യക്തിപരമായ ദുഃഖങ്ങളും സന്തോഷങ്ങളുമെല്ലാം അനുവാദമില്ലാതെ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. അനാവശ്യമായ ഇത്തരം ഇടപെടലുകളും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ നിയമനടപടി ഉണ്ടാകുമെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ പൊലീസ് വ്യക്തമാക്കിയത്.
“മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്. മനുഷ്യന്റെ ദുഃഖവും മരണവും നാടിന്റെ പ്രതിസന്ധിയും അപകടങ്ങളുമൊക്കെ ചിലർക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്”.
അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടയിൽ മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ ചിലർ നടത്തിയ തിക്കും തിരക്കും വലിയ രീതിയിൽ വിമർശനവിധേയമായിരുന്നു. ഒരു കുടുംബത്തിന്റെ കടുത്ത വിയോഗ ദുഃഖത്തിനിടയിലും ക്യാമറകളുമായി ക്യാപ്‌ചർ ചെയ്യാൻ ഓടിയെത്തുന്ന സോഷ്യൽ മീഡിയ സംസ്‌കാരത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ അടിയന്തര ഇടപെടൽ. മറ്റൊരാളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ നിമിഷങ്ങളിലേക്ക് ക്യാമറ തിരിക്കുന്നതും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇത്തരം പ്രവണതകൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.









+ There are no comments
Add yours