പ്രതിപക്ഷ നേതൃസ്ഥാനം പോളിറ്റ്ബ്യൂറോയിൽ ചർച്ചയായില്ല; തീരുമാനം കേരളത്തിൽ…

Estimated read time 0 min read

പ്രതിപക്ഷ നേതൃസ്ഥാനം പോളിറ്റ്ബ്യൂറോയിൽ ചർച്ചയായില്ല; തീരുമാനം കേരളത്തിൽ

പ്രതിപക്ഷ നേതാവിനെ കേരളത്തിൽ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ പ്രതിപക്ഷ നേതൃപദവി ചർച്ചയായില്ല എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം, ഇനി ഡൽഹിയിലേക്ക് പ്രതിപക്ഷ നേതാവായിട്ടാണോ വരിക എന്ന ചോദ്യത്തോട് മൗനമായിരുന്നു പിണറായി വിജയന്റെ മറുപടി. കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ ചർച്ച സംസ്ഥാന ഘടകത്തിലായിരിക്കും ചർച്ച. കഴിഞ്ഞ രണ്ട് ദിവസം തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനമാണ് നടന്നത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് സിപിഐ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് ഉപനേതാവ് സംബന്ധിച്ചുള്ള ചർച്ചകൾ പോളിറ്റ്ബ്യൂറോ യോഗത്തിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ, രണ്ട് ദിവസമായി ചേർന്ന യോഗത്തിലും അത് ചർച്ചയായില്ല.

തെരഞ്ഞെടുപ്പ് ഫലം വിശദമായി തന്നെ പോളിറ്റ്ബ്യൂറോയിൽ ചർച്ചയായി. തെരഞ്ഞെടുപ്പ് നടന്ന കേരളത്തിലും ബംഗാളിലും വലിയ തിരിച്ചടിയാണ് ഇടതുപക്ഷം അഭിമുഖീകരിച്ചത്. 10 വർഷം ഭരണത്തിൽ ഉണ്ടായിരുന്ന ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. തിരിച്ചു വരവ് പ്രതീക്ഷിച്ച ബംഗാളിൽ അഞ്ച് സീറ്റ് വരെയാണ് സിപിഎം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഒരു സീറ്റ് മാത്രമാണ് നേടാനായത്. രണ്ട് സംസ്ഥാനങ്ങളിലും ഉണ്ടായ തിരിച്ചടി രണ്ട് ദിവസങ്ങളിലായി ചേർന്ന പോളിറ്റ്ബ്യൂറോ യോഗത്തിൽ ചർച്ചയായി. ബംഗാൾ നിയമസഭയിൽ ആരും ഇല്ല എന്ന അവസ്ഥക്ക് മാറ്റം വന്നത് ആശ്വാസകരമാണെന്നും പോളിറ്റ്ബ്യൂറോ യോഗം വിലയിരുത്തി. കേരളത്തിൽ സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പടെ വലിയ പാളിച്ച ഉണ്ടായി എന്നാണ് സംസ്ഥാനത്തെ തോൽവി സംബന്ധിച്ചുള്ള വിലയിരുത്തൽ. സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് തയ്യാറാക്കിയ വിലയിരുത്തൽ സിപിഎം സംസ്ഥാന സെക്രട്ടറി പോളിറ്റ്ബ്യൂറോ യോഗത്തിൽ അവതരിപ്പിച്ചു.

+ There are no comments

Add yours