കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനം: ‘പൊതുഗതാഗത മേഖല തകരും’; ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ…

Estimated read time 0 min read

പാലക്കാട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഈ തീരുമാനം കേരളത്തിലെ സ്വകാര്യ ബസ് വ്യവസായത്തെ പൂർണ്ണമായും തകർക്കുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വകാര്യ ബസ് ഉടമകളുമായി യാതൊരു ചർച്ചയും നടത്താതെ എടുത്ത തീരുമാനം ഏകപക്ഷീയമാണ്. കെഎസ്ആർടിസിയിൽ സൗജന്യമാക്കുന്നതോടെ സാധാരണ യാത്രക്കാരായ 19 ലക്ഷത്തോളം സ്ത്രീകൾ സ്വകാര്യ ബസുകളെ ഉപേക്ഷിക്കും. സ്ത്രീകൾ കൂടി കെഎസ്ആർടിസിയിലേക്ക് മാറുന്നതോടെ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ മാത്രം കയറ്റി സർവീസ് നടത്തേണ്ട ഗതികേടിലാകും. ഇത് മേഖലയെ കനത്ത കടക്കെണിയിലേക്ക് തള്ളിവീഴ്ത്തും. തമിഴ്നാട്ടിലും കർണാടകയിലും നടപ്പിലാക്കിയ ഈ പദ്ധതി കേരളത്തിൽ അതേപടി അനുകരിക്കാനാവില്ല. ആ സംസ്ഥാനങ്ങളിൽ സ്വകാര്യ ബസുകൾ കുറവാണ്, എന്നാൽ കേരളത്തിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ല് സ്വകാര്യ ബസുകളാണ്.

വി.ഡി. സതീശൻ നയിച്ച ‘പുതുയുഗ യാത്ര’യുടെ സമയത്ത് സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു. അധികാരത്തിൽ വന്നാൽ എല്ലാം പരിഹരിക്കുമെന്നായിരുന്നു അന്ന് നൽകിയ ഉറപ്പെന്നും ടി. ഗോപിനാഥൻ ഓർമ്മിപ്പിച്ചു. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സർക്കാർ അടിയന്തരമായി ബസ് ഉടമകളുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് നീങ്ങാനാണ് ബസ് ഉടമകളുടെ തീരുമാനം.

കെ എസ് ആർ ടി സിയുടെ കണക്ക് പ്രകാരം 19 ലക്ഷം പേരാണ് പ്രതിദിനം യാത്ര ചെയ്യുന്നത്. സൗജന്യയാത്ര അനുവദിച്ചാൽ സ്വകാര്യ ബസ് മേഖല തകരും. തമി‍ഴ്നാട്ടിലും കർണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിൽ അങ്ങനെയല്ലെന്നും ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours