രോഗികളുടെ ദയനീയാവസ്ഥ കാണിച്ച് ജനങ്ങളിൽ നിന്ന് പണം തട്ടുന്ന സംഘം മലപ്പുറം തിരൂരിൽ പിടിയിലായി. തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിൽ വാഹനത്തിലെത്തി പണപ്പിരിവ് നടത്തുന്നതിനിടെയാണ് സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.
രോഗികളുടെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകളും അനൗൺസ്‌മെന്റ് സംവിധാനങ്ങളുമായി വീടുകൾ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയായിരുന്നു സംഘം. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രദേശത്തെ യുവാക്കൾ വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് കള്ളം പുറത്തായത്. ചികിത്സയിലുള്ള രോഗിയെക്കുറിച്ചോ ആശുപത്രിയെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകാൻ പിരിവ് സംഘത്തിന് കഴിഞ്ഞില്ല. ചോദ്യം ചെയ്യലിൽ ഇവർ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെ നാട്ടുകാർ സംഘടിച്ചു.
ഇത്തരത്തിലുള്ള വ്യാജ പിരിവ് സംഘങ്ങൾ യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ള രോഗികൾക്ക് ജനങ്ങളിൽ നിന്ന് ലഭിക്കേണ്ട പിന്തുണയെ ദോഷകരമായി ബാധിക്കുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.






+ There are no comments
Add yours