വോട്ടെടുപ്പിന് തൊട്ടുമുമ്പ് പാലക്കാട് മണ്ഡലത്തിൽ നാടകീയ രംഗങ്ങൾ…  പാലക്കാട്‌ വോട്ടുകോഴ വിവാദത്തിൽ വീഡിയോ എടുത്തവർക്കെതിരെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ ഭീഷണി…

Estimated read time 0 min read

പാലക്കാട്: വോട്ടെടുപ്പിന് തൊട്ടുമുമ്പ് പാലക്കാട് മണ്ഡലത്തിൽ നാടകീയ രംഗങ്ങൾ. ബിജെപി പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ വീഡിയോ ചിത്രീകരിച്ച വ്യക്തിയെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ പരസ്യമായി ഭീഷണിപ്പെടുത്തി. “തന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്താൽ അടിച്ച് കരണക്കുറ്റി പൊളിക്കുമെന്നും മൊബൈൽ ഫോൺ പിടിച്ച് നുറുക്കിക്കളയുമെന്നുമാണ്” ശോഭയുടെ ഭീഷണി.

കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ ഒരു വൃദ്ധയ്ക്ക് ബിജെപി പ്രവർത്തകർ 5,000 രൂപ നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. ഈ സമയം ശോഭാ സുരേന്ദ്രൻ വാഹനത്തിൽ ഉണ്ടായിരുന്നു. പണം സ്വീകരിച്ച യുവതി തന്റെ വല്ല്യമ്മയാണെന്നാണ് ശോഭാ സുരേന്ദ്രന്റെ വാദം. ദൃശ്യങ്ങൾ പകർത്തിയ പ്രവർത്തകരോട് “കൂടുതൽ വിലസേണ്ട” എന്ന് ആക്രോശിച്ച ശോഭ, അവരുടെ ദൃശ്യങ്ങൾ തിരിച്ചു പകർത്താനും ശ്രമിച്ചു. തന്റെ അനുവാദമില്ലാതെ വീഡിയോ എടുത്താൽ കടുത്ത നടപടിയുണ്ടാകുമെന്നും സ്ഥാനാർത്ഥി താക്കീത് നൽകി.

കോൺഗ്രസ് പ്രവർത്തകർ പകർത്തിയ ദൃശ്യങ്ങൾ കൃത്രിമമാണെന്നും സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ ബി.ജെ.പി നേതാക്കൾ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്. സംഭവത്തിൽ ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

+ There are no comments

Add yours