ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി ടിക്കറ്റ് ക്യാൻസലേഷൻ, റീഫണ്ട് നിയമങ്ങളിൽ വൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് റദ്ദാക്കുന്നവർക്ക് തുക വേഗത്തിൽ ലഭ്യമാക്കാനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് പുതിയ നീക്കം.
യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് പരമാവധി തുക റീഫണ്ടായി ലഭിക്കും. 24 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ 25 ശതമാനവും, 8 മണിക്കൂർ മുൻപ് വരെ 50 ശതമാനവും ചാർജ് ഈടാക്കും. എന്നാൽ യാത്രയ്ക്ക് 8 മണിക്കൂറിൽ താഴെ സമയം മാത്രമുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ തുക ലഭിക്കില്ല. യാത്ര തുടങ്ങുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇനി ബോർഡിംഗ് പോയിന്റ് മാറ്റാൻ സാധിക്കും. നഗര മേഖലകളിൽ യാത്ര ചെയ്യുന്നവർക്ക് അടുത്തുള്ള സ്റ്റേഷനുകളിൽ നിന്ന് ട്രെയിൻ കയറാൻ ഇത് വലിയ സഹായമാകും.
യാത്രക്കാർക്ക് തങ്ങളുടെ ട്രാവൽ ക്ലാസ് അപ്ഗ്രേഡ് ചെയ്യുന്നതിനായി ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ സമയം അനുവദിക്കും. മുൻപ് ചാർട്ട് തയ്യാറാക്കുന്നതിന് മുൻപേ ഇത് ചെയ്യണമായിരുന്നു. ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കാൻ ആൻ്റി ബോട്ട് സംവിധാനം റെയിൽവേ കർശനമാക്കി. ഇതിന്റെ ഭാഗമായി സംശയകരമായ 3 കോടി യൂസർ ഐഡികൾ റെയിൽവേ റദ്ദാക്കി.
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് നടപ്പിലാക്കിയ ഈ മാറ്റങ്ങൾ ഉടൻ തന്നെ പ്രാബല്യത്തിൽ വരും. ഓൺലൈൻ വഴിയും കൗണ്ടറുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഒരുപോലെ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.









+ There are no comments
Add yours