ആറാട്ടുപുഴ പൂരത്തിന് പൂരപ്പാടം ഒരുങ്ങുന്നു.
ആറാട്ടുപുഴ: വിശാലമായ ആറാട്ടുപുഴ പൂരപ്പാടം ആയിരത്തി നാനൂറ്റിനാല്പത്തി നാലാമത് ആറാട്ടുപുഴ പൂരത്തിന് സജ്ജമാക്കി തുടങ്ങി. തേവർ റോഡിന്റെ ഇരുവശത്തുമുള്ള മുപ്പത് ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ചു ഉഴുതുമറിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
പാടം ഉഴുതു മറിക്കുന്നതോടുകൂടി തറഞ്ഞു നിൽക്കുന്ന ഭൂമിയുടെ ഉപരിതലത്തിലുള്ള സുഷിരങ്ങൾ തുറക്കുകയും ഈ സുഷിരങ്ങൾ വഴി വെള്ളം ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറങ്ങുകയും ചെയ്യും. കാലം തെറ്റി വരുന്ന വേനൽ മഴയിലും പൂരപ്പാടത്ത് വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാനാണ് ഭൂമി ഉഴുതുമറിക്കുന്നത്.
പൂരത്തിന്റെ പ്രധാന ആകർഷണവും ഭക്തിനിർഭരവുമായ കൂട്ടിയെഴുന്നെള്ളിപ്പ് നടക്കുന്നത് ഈ പാടത്ത് വെച്ചാണ്. തൃപ്രയാർ തേവർ, ഊരകത്തമ്മത്തിരുവടി, ചേർപ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, തൊട്ടിപ്പാൾ ഭഗവതി, നെട്ടിശ്ശേരി ശാസ്താവ്, പൂനിലാർക്കാവ് ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി എന്നീ ദേവീദേവന്മാരുടെ എഴുന്നെള്ളിപ്പുകൾ നടക്കുന്നതും അടുത്ത വർഷത്തെ പൂരം തിയ്യതി വിളംബരം ചെയ്യുന്നതും ഈ പാടത്തു വെച്ചു തന്നെയാണ്.
ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൂരപ്പാടം സജ്ജമാക്കുന്നത്.
ആറാട്ടുപുഴ പൂരം കൊടിയേറ്റം മാർച്ച് 24 നും തിരുവാതിര വിളക്ക് മാർച്ച് 26 വെളുപ്പിനും പെരുവനം പൂരം മാർച്ച് 27നും ആറാട്ടുപുഴ തറക്കൽ പൂരം മാർച്ച് 29 നും ആറാട്ടുപുഴ പൂരം മാർച്ച് 30നും ഗ്രാമബലി മാർച്ച് 31 നും ആണ്.








+ There are no comments
Add yours