കുവൈത്ത് വ്യോമപരിധിയിൽ മിസൈൽ ആക്രമണം; ഇറാന്റെ നീക്കം തകർത്ത് വ്യോമപ്രതിരോധ സേന…

Estimated read time 1 min read

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ തെക്കൻ ഭാഗത്തേക്ക് നീങ്ങിയ ഒരു ബാലിസ്റ്റിക് മിസൈൽ, വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ-ഒതൈബാൻ അറിയിച്ചു. മിസൈൽ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതിനാൽ യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും വ്യോമപരിധിയും സംരക്ഷിക്കുന്നതിനായി സായുധസേന ഉയർന്ന ജാഗ്രതയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം പ്രാദേശിക നേതാക്കളും യൂറോപ്യൻ യൂണിയനും തമ്മിൽ നടന്ന വീഡിയോ കോൺഫറൻസ് ഉച്ചകോടിയിൽ, കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-സബാഹ് ശക്തമായി അപലപിച്ചു. കുവൈത്തിന്‍റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെയും നഗ്നമായി ലംഘിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുവൈത്ത് ഈ യുദ്ധത്തിൽ ഒരു കക്ഷിയല്ലെന്നും തങ്ങളുടെ മണ്ണ് ഒരു തരത്തിലുള്ള സൈനിക നീക്കങ്ങൾക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

+ There are no comments

Add yours