തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് നടൻ അശോക് കുമാറിന് (മുരുക അശോക്) പരിക്ക്. വട മഞ്ജു വിരട്ട് എന്ന ചിത്രത്തിന്റെ ഡിണ്ടിഗുൾ ഷെഡ്യൂളിനിടെയാണ് സംഭവം. ജല്ലിക്കട്ടിൻ്റെ ഒരു വകഭേദമായ മഞ്ജു വിരട്ട് പ്രമേയമാക്കുന്ന സിനിമയാണിത്. ചിത്രീകരണത്തിനായി കൊണ്ടുവന്ന കാളയോട് നടൻ അടുത്ത് പെരുമാറിയ സമയത്താണ് അപ്രതീക്ഷിതമായി അപായമുണ്ടായത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നെഞ്ചിന് താഴെയായാണ് അശോക് കുമാറിന് മുറിവ് ഏറ്റത്. കൂടുതൽ അപായകരമായി മാറാൻ സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന് നടൻ രക്ഷപെടുകയായിരുന്നു. ഉടൻ വൈദ്യസഹായം ലഭ്യമാക്കിയതിന് ശേഷം സിനിമയുടെ ചിത്രീകരണം തുടർന്നു. അശോക് കുമാർ നായകനായി അഭിനയിക്കുന്ന സിനിമയാണ് വട മഞ്ജു വിരട്ട്. ചിത്രത്തിൽ മഞ്ജു വിരട്ടിൻ്റെ സീക്വൻസുകൾ നിരവധിയുണ്ട്. ഒപ്പം ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയകഥയും പറയുന്നുണ്ട് ചിത്രം. അഴകർ പിക്ചേഴ്സിന്റെ ബാനറിൽ പുദുകൈ എ പളനിസാമി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സങ്കിലി സിപിഎ ആണ്. ചിത്രീകരണം തൽക്കാലത്തേക്ക് നിർത്തിവെക്കാൻ അണിയറക്കാർ തയ്യാറായിരുന്നെങ്കിലും അത് വേണ്ടെന്ന നിലപാട് ആയിരുന്നു അശോക് കുമാറിന്റേത്. ചിത്രീകരണങ്ങളിൽ മുൻപും ഉപയോഗിച്ചിട്ടുള്ള കാളയാണ് നടനെ കുത്തിയത്. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്ന് അശോക് കുമാർ പ്രതികരിച്ചു.


+ There are no comments
Add yours