സ്കൂൾ അവധി ആയതിനാൽ റെയിൽപ്പാളത്തിനടുത്തുള്ള കുളത്തിൽ നീന്താൻ എത്തിയ കുട്ടികളാണ് കല്ല് വച്ചത്.
കണ്ണൂർ: വന്ദേഭാരത് എക്സ‌്പ്രസ് കടന്നുപോകുമ്പോൾ റെയിൽപ്പാളത്തിൽ കല്ലുവച്ച അഞ്ച് സ്കൂൾ വിദ്യാർഥികൾ പിടിയിൽ. പുതിയതെരു സ്വദേശികളായ വിദ്യാർഥികളാണ് അറസ്റ്റിലായത്. ശനിയാഴ്‌ച ഉച്ചയ്ക്ക് 12.23-ന് ചിറക്കൽ ഇരട്ടക്കണ്ണൻ പാലത്തിന് സമീപമാണ് സംഭവം. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസാണ് കല്ലിൽ തട്ടി ഉലഞ്ഞത്. ട്രെയിൻ കല്ലിൽ തട്ടി ഉലഞ്ഞതിനെ തുടർന്ന് ലോക്കോ പൈലറ്റ് അറിയച്ചതനുസരിച്ച് റെയിൽവേ എസ്ഐ കെ. സുനിൽകുമാർ, ആർപിഎഫ് എഎസ്ഐ ഷിൽന ശ്രീരഞ്ജ്, ഉദ്യോഗസ്ഥരായ കെ.പി. ബൈജു, സി.പി. ഷംസുദ്ദീൻ എന്നിവർ സ്ഥലത്തെത്തി. പോലീസ് നടത്തിയ അന്വേഷണത്തിൽ പാളത്തിൽ ട്രെയിൻ കയറി കല്ലുകൾ പൊടിഞ്ഞതായി കണ്ടെത്തി. അതേസമയം, കുട്ടികൾ പാളത്തിലൂടെ നടന്നുപോകുന്നത് കണ്ടതായി സമീപവാസികൾ മൊഴി നൽകിയിരുന്നു. ഇത് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പാളത്തിൽ കല്ലുവച്ചത് കുട്ടികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.


+ There are no comments
Add yours