തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തം. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോൾ രാജി വേണ്ടെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. രാജിയെചൊല്ലി കോൺഗ്രസിൽ രണ്ട് അഭിപ്രായം തുടരുമ്പോഴും വിഡി സതീശനടക്കമുള്ളവർ കടുത്ത നിലപാടിലാണ്. പ്രതിപക്ഷ നേതാവിനൊപ്പം ഒരു വിഭാഗം നേതാക്കളും രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ഉറച്ച നിലപാടിലാണിലാണുള്ളത്. രാഹുൽ രാജിവെക്കണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. രാജിവെച്ചാൽ എതിരാളികൾക്കുമേൽ മേൽക്കൈ ഉറപ്പെന്നാണ് സതീശനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്.എംഎൽഎ സ്ഥാനം രാജിവെക്കുകയാണെങ്കിൽ പാർട്ടിക്ക് വിവാദങ്ങളെ മറികടന്ന് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഇതുവഴി സമാന ആരോപണം നേരിടുന്ന എംഎൽഎമാരെ സംരക്ഷിക്കുന്ന സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാം എന്നും പറയുന്നു. അതേസമയം, എംഎൽഎ സ്ഥാനം രാജിവെക്കുന്നത് പോലുള്ള കടുത്ത തീരുമാനം തിരക്കിട്ട് എടുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. കാത്തിരുന്ന കാണാമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് വരുമോയെന്ന ആശങ്കയും രാജിയെ എതിർക്കുന്നവർക്കുണ്ട്. ബിജെപി ഇടപെടലോടെ അതിവേഗം ഉപതെരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നും നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ, ഹൈകമാൻഡിന്റെ തീരുമാനം കൂടി അറിഞ്ഞശേഷം മാത്രമേ വിഷയത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളു


+ There are no comments
Add yours