
മംഗളുരുവിൽ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വർ മാൽപെ ഉൾപ്പെട്ട ഏഴംഗ സ്കൂബ ടീമും എൻഡിആർഎഫും സംയുക്തമായി നടത്തിയ തിരച്ചിലിൽ കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്. മുംതാസ് അലിയുടെ കാർ കുലൂർ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ജനതാദൾ (സെക്യുലർ) നേതാവ് ബി.എം ഫറൂഖിന്റേയും മുൻ കോൺഗ്രസ് എം.എൽ.എ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസിൻ്റെ ചെയർമാനാണ്. സിറ്റി പൊലീസ്, ഫയർഫോഴ്സ്, എസ്ഡിആർഎഫ്, എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ് എന്നിവരുടെയെല്ലാം നേതൃത്വത്തിൽ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. മാൽപെയും ദൗത്യത്തിന്റെ ഭാഗമായി. അലിയുടെ മകൾ കവൂർ സ്റ്റേഷനിൽ അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതി നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ ഹൈദർ അലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെപൊലീസ് കേസെടുത്തു.


+ There are no comments
Add yours