പൂണെയില്‍ വന്‍ വിഷമദ്യ ദുരന്തം; 15 പേര്‍ മരിച്ചു; നിരവധി പേര്‍ ചികിത്സയില്‍

Estimated read time 1 min read

മഹാരാഷ്ട്രയിലെ പൂണെയിലും പരിസരപ്രദേശങ്ങളിലും വൻ വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് 15 പേർ മരണപ്പെടുകയും നിരവധി പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയുമാണ്. മരിച്ചവരിൽ ഭൂരിഭാഗവും 30-നും 60-നും ഇടയിൽ പ്രായമുള്ളവരാണ്. സംഭവത്തിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

മെഥനോൾ കലർന്ന അതീവ മാരകമായ വ്യാജമദ്യമാണ് ഇവർ കഴിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച മദ്യത്തിന്റെ സാമ്പിളുകളും ഇരകളുടെ രക്ത സാമ്പിളുകളും വിശദമായ ഫോറൻസിക്, ടോക്സിക്കോളജി പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. മേഖലയിൽ വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്ത മുഖ്യസൂത്രധാരൻ യോഗേഷ് വാങ്കടെയെ എക്സൈസ് വകുപ്പ് പിടികൂടി. ഇയാൾ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

യോഗേഷ് വാങ്കടെയ്ക്ക് പുറമേ ഈ വ്യാജമദ്യ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റ് ഏഴ് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ എട്ടു പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. വ്യാജമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പോലീസിനും ഭരണകൂടത്തിനുമെതിരെ കടുത്ത വിമർശനവുമായി എൻസിപി (ശരദ് പവാർ) നേതാവ് രോഹിത് പവാർ രംഗത്തെത്തി. പൂണെ സിറ്റി പോലീസ് കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. മേഖലയിൽ വ്യാജമദ്യ വിൽപന സജീവമാണെന്ന് മുൻപ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്രയും വലിയൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് രോഹിത് പവാർ ആരോപിച്ചു.

+ There are no comments

Add yours