വിവാദത്തിൽ ‘മിന്നൽ മാജിക്’; മലബാർ ഡിസ്റ്റിലറീസിലെ പുതിയ ബ്രാൻഡി ഉത്പാദനം നിർത്തിവെച്ചു…

Estimated read time 0 min read

വിവാദത്തിൽ ‘മിന്നൽ മാജിക്’; മലബാർ ഡിസ്റ്റിലറീസിലെ പുതിയ ബ്രാൻഡി ഉത്പാദനം നിർത്തിവെച്ചു

മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറങ്ങാനിരുന്ന പുതിയ ബ്രാൻഡി ‘മിന്നൽ മാജിക്കി’ന്റെ ഉത്പാദനം അനിശ്ചിതത്വത്തിൽ.

പാലക്കാട് മേനോൻപാറയിലെ പൊതുമേഖലാ സ്ഥാപനത്തിൽ ബ്രാൻഡിയുടെ ഉത്പാദനം താത്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്.

ബെവറജസ് കോർപ്പറേഷൻ എം.ഡി. എം.ആർ. അജിത്കുമാറിന്റെ നിർദേശപ്രകാരമാണ് നടപടി.

മേയ് അവസാനവാരത്തോടെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പുതിയ ബ്രാൻഡി എത്തുമെന്നായിരുന്നു കമ്പനി അധികൃതർ അറിയിച്ചിരുന്നത്.

ട്രയൽ റൺ അടക്കമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അപ്രതീക്ഷിതമായി ഉത്പാദനം നിർത്തിയത്.

എൽ.ഡി.എഫ് സർക്കാരിന്റെ അവസാനഘട്ടത്തിൽ നിയമിച്ച 90 താത്കാലിക വനിതാ തൊഴിലാളികളുടെ പട്ടികയാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

നിയമന നടപടിയിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാരോപിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

സി.പി.എം ഭരിക്കുന്ന നല്ലേപ്പിള്ളി പഞ്ചായത്തിലെ കുടുംബശ്രീ എ.ഡി.എസ് മുഖേന തയ്യാറാക്കിയ പട്ടികയ്ക്ക് പിന്നിൽ പാർട്ടി നേതാക്കളുടെ സ്വാധീനമുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.

വിഷയത്തിൽ കമ്പനി അധികൃതർക്കും എക്‌സൈസ് മന്ത്രിക്കും പരാതികൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

താത്കാലിക തൊഴിലാളികളുടെ പട്ടിക പൂർണമായും കുടുംബശ്രീ സംവിധാനത്തിലൂടെയാണെന്ന് കമ്പനി അധികൃതർ വിശദീകരിക്കുന്നു.

സ്ഥാപനം പ്രവർത്തിക്കുന്ന ബ്ലോക്ക് പരിധിയിലെ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായിരിക്കണം നിയമനമെന്ന ഹൈക്കോടതി മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കുന്നു.

ഇതനുസരിച്ച് ചിറ്റൂർ ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകളെ പരിഗണിച്ചു.

55 യൂണിറ്റുകളിൽ 45 എണ്ണം ഒരേ നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് നല്ലേപ്പിള്ളി എ.ഡി.എസിനെ തെരഞ്ഞെടുത്തതെന്നും അധികൃതർ പറയുന്നു.

വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് കോൺഗ്രസ് അനുകൂല സംഘടനകളുടെ ആവശ്യം.

പുതിയ ബ്രാൻഡിയുടെ ഉത്പാദനം നിർത്തിവെച്ചതോടെ വിപണിയിൽ ഈ ആഴ്ച എത്തുമെന്ന പ്രതീക്ഷയും മങ്ങിക്കഴിഞ്ഞു.

+ There are no comments

Add yours