ടെക്നോപാര്‍ക്കില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് : ഏപ്രില്‍ 29-ന് തുടക്കമാകും
രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് (ടിപിഎല്‍), ടെക്നോപാര്‍ക്ക് വനിതാ ക്രിക്കറ്റ് ലീഗ് (ടിഡബ്ല്യൂസിഎല്‍) എന്നിവയ്ക്ക് ഏപ്രില്‍ 29-ന് ടെക്നോപാര്‍ക്കില്‍ തുടക്കമാകും.
ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ വിനോദ കൂട്ടായ്മായ പ്രതിധ്വനിയാണ് ഫേവറിറ്റ് ഹോംസുമായി സഹകരിച്ച് ടിപിഎല്‍ 2026, ടിഡബ്ല്യുസിഎല്‍ 2026 എന്നിവ സംഘടിപ്പിക്കുന്നത്.
നാല് മാസം നീണ്ടുനില്‍ക്കുന്ന 8 ഓവര്‍-എ-സൈഡ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗത്തില്‍ (ടിപിഎല്‍) 174 ടീമുകളും വനിതാ വിഭാഗത്തില്‍ (ടിഡബ്ല്യുസിഎല്‍) 24 ടീമുകളും മത്സരിക്കും.
ടെക്നോപാര്‍ക് ഗ്രൗണ്ടില്‍ വൈകുന്നേരം 6 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റുകള്‍ കേരള ക്രിക്കറ്റ് താരം എന്‍.പി.ബേസില്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ വര്‍ഷത്തെ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പുരുഷ വിഭാഗത്തില്‍ ക്യുബര്‍സ്റ്റും വനിതാ ടൂര്‍ണമെന്‍റില്‍ ഇന്‍ഫോസിസും ജേതാക്കളായി.
29-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ ക്യുബര്‍സ്റ്റും, വനിതാ വിഭാഗത്തില്‍ ഇന്‍ഫോസിസും പ്രതിധ്വനി ടീമുകളെ നേരിടും. പ്രദര്‍ശന മത്സരങ്ങളില്‍ ഇന്‍ഫ്ളുവന്‍സേഴ്സ് ടീം പ്രതിധ്വനി ടീമിനെയും (പുരുഷ വിഭാഗം) ഫേവറിറ്റ് ഹോംസ് ടീം പ്രതിധ്വനി ടീമിനെയും (വനിതാ വിഭാഗം) നേരിടും.
ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കില്‍ 2001-ല്‍ ആരംഭിച്ച ടിപിഎല്ലില്‍ ഐടി കമ്പനികളിലെ ടീമുകളുടെ മികച്ച പങ്കാളിത്തമുണ്ട്. ഇതിലൂടെ രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റായി ടിപിഎല്‍ മാറി.






+ There are no comments
Add yours