ഹൃദയ വേദന അടക്കി പുരപ്പറമ്പിൽ…

Estimated read time 0 min read

ഹൃദയ വേദന അടക്കി പുരപ്പറമ്പിൽ

ആഘോഷം ഒഴിവാക്കി ആചാരങ്ങളുമായി പൂര നഗരി ഉണർന്നു
ഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് ഗജവീരൻ എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം ഇന്നാണ് അതിന്റെ ഉച്ചിയിലെത്തുക. വടക്കുന്നാഥ ക്ഷേത്രസന്നിധിയിലേക്ക് രാവിലെ മുതൽ ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പു തുടങ്ങി. കണിമംഗലം ശാസ്താവാണ് വടക്കുന്നാഥനിലേക്ക് ആദ്യമെത്തുന്ന ഘടകപൂരം. തൊട്ടുപിന്നാലെ കാരമുക്ക്, ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് ക്ഷേത്രങ്ങളിലെ ഘടകപൂരങ്ങളും വടക്കുന്നാഥനെ വിധിപ്രകാരം കാണാനെത്തും. മേളാരവവും ഗജവീരന്മാരും അകമ്പടിയുണ്ടാകും.

ആ വരവുകൾ ഒന്നു കാണാനായാണ് പൂരപ്രേമികൾ ഇന്നെത്തുക. മേളം കേട്ടാൽ പോരാ, കണ്ടുതന്നെ ആസ്വദിക്കണം എന്ന് ഉറപ്പിച്ച് ആദ്യം അവർ തെക്കേ മഠത്തിനു മുന്നിലെ പന്തലിനു ചുറ്റിലുമായി സ്ഥലം പിടിക്കും. 11 മണിയോടെ മഠത്തിൽവരവ് തുടങ്ങും. പഞ്ചവാദ്യം പലതു കേട്ടിട്ടുണ്ടെങ്കിലും മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ഇത്തിരി മധുരം കൂടുമെന്ന് അത് കേട്ടവർക്കറിയാം.പഞ്ചവാദ്യത്തെക്കാൾ ഹരം പിടിക്കാൻ മേളം തന്നെ വേണമെന്നുള്ളവർ പാറമേക്കാവിൽ എത്തിയിരിക്കും. അവിടെ ഇക്കുറി എഴുന്നള്ളിപ്പ് നേരത്തെയാണ്. രാവിലെ 11.30ന് എഴുന്നള്ളിപ്പ് പുറപ്പെടുമ്പോൾ ചെമ്പട മേളം അകമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറ മേളമായി മാറുന്നത് ഈ മേളമാണ്. വൈകിട്ട് 5.30ന് തെക്കേനടയിലാണ് ലോകം കാത്തിരിക്കുന്ന കുടമാറ്റം. രാത്രി ഭഗവതി– ശാസ്താമാരുടെ പകലത്തെ എഴുന്നള്ളിപ്പുകൾ ആവർത്തിക്കും. വെടിക്കെട്ട് ഒഴിവാക്കിയുള്ള പൂരത്തിൽ ആചാരത്തിന്റെ ഭാഗമായി പുലർച്ചെ വെടിക്കെട്ട് സമയത്ത് ഇരുവിഭാഗത്തിന്റെയും ഓരോ കതിന മുഴങ്ങും. നാളത്തെ പകൽപൂരം കഴിഞ്ഞ് ഉച്ചയോടെ പാറമേക്കാവ്–തിരുവമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലും. അതുവരേക്ക് വേദനകളോട് ഉപചാരം ചൊല്ലി തൃശൂർ പൂരമൊരുക്കുന്ന തിരക്കിലാണ്.

+ There are no comments

Add yours