സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പൊതു ഇടങ്ങളിൽ വെള്ളവും ഒആർഎസ്സും ലഭ്യമാക്കുന്നതിനൊപ്പം സൂര്യാഘാതമേൽക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തും.
വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ-ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകൾ സജ്ജമാക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചൂടിനെ പ്രതിരോധിക്കത്തക്ക രീതിയിൽ (Heat Resilient) മാറ്റിയെടുക്കും. ചൂട് കൂടുമ്പോൾ ഇഴജന്തുക്കൾ പുറത്തിറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. എല്ലാ ആശുപത്രികളിലും മതിയായ ആന്റി വെനം ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വരാനിരിക്കുന്ന വരൾച്ച മുന്നിൽക്കണ്ട് മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കും.
സംസ്ഥാനത്ത് താപനില ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസും താപനില ഉയർന്നേക്കാം. നിലവിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നുണ്ടെങ്കിലും പാലക്കാട്, തൃശൂർ ജില്ലകളിൽ ഏർപ്പെടുത്തിയിരുന്ന ഓറഞ്ച് അലർട്ട് കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. ഏപ്രിൽ 27 വരെ ഈ സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്.








+ There are no comments
Add yours