‘കേരളത്തിൽ എൽ.ഡി. എഫിന് ജനങ്ങളുമായാണ് ഡീൽ’ എന്ന് സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ഡോ.വിജൂ കൃഷ്ണൻ.രാത്രി ഉറങ്ങാൻ കിടന്ന് രാവിലെ ഉണരുമ്പോൾ ബി.ജെ.പിയിലേക്ക് പോയ ഇരുന്നൂറിലധികം കോൺഗ്രസ്സ് നേതാക്കളുടെ ചരിത്രം പരിശോധിച്ചാൽ ആർക്കാണ് ബി.ജെ.പിയുമായി ഡീൽ എന്ന് ജനങ്ങൾക്ക് മനസ്സിലാകും.മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങ്,അസ്സം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ തുടങ്ങിയ ബി.ജെ.പിയുടെ മുഖ്യമന്ത്രിമാർ മുമ്പ് കോൺഗ്രസ്സുകാരായിരുന്നു എന്നോർക്കണം.
എൽ.ഡി.എഫ് പൊറത്തിശ്ശേരി- മാപ്രാണം മേഖലാ തെരഞ്ഞെടുപ്പു റാലിയും,പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാകുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഉമ്മൻചാണ്ടിയുടെ പ്രിയപ്പെട്ടവൻ,കെ.സുധാകരന് പ്രിയപ്പെട്ടവൻ,
വി.ഡി.സതീശന് പ്രിയപ്പെട്ടവർ എന്നിങ്ങനെയുള്ളവരാണ്.
ബി.ജെ.പി യുടെ കേരള ജനതക്കുള്ള വാഗ്‌ദാനങ്ങൾ ഒന്നും നടപ്പാക്കാനുള്ളതല്ല.
കേരളത്തിന് എയിംസും,ശബരി റെയിൽപാതയും,തിരുവനന്തപുരം-കോഴിക്കോട് മിനിമെട്രോ പദ്ധതിയും യൂണിയൻ ബജറ്റിൽ ഉൾപ്പെടുത്താത്തവർ ഇപ്പോൾ തെരഞ്ഞെടുപ്പിൽ നൽകുന്ന വാഗ്‌ദാനങ്ങൾ ജനങ്ങളെ പറ്റിക്കാനാണ്.എൻ.ഡി.എ ഭരണത്തിന് കീഴിൽ മൂന്നരലക്ഷം കർഷകരും,കർഷക തൊഴിലാളികളുമാണ് രാജ്യത്ത് ആത്മഹത്യചെയ്തത്.
എന്നാൽ കേരളം കർഷകരെ ചേർത്ത്പിടിച്ച് സംരക്ഷിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

റാലിക്ക് ശേഷം മാപ്രാണം സെൻ്ററിൽ ചേർന്ന പൊതുസമ്മേളനത്തിൽ പി.സി.രഘു അദ്ധ്യക്ഷനായിരുന്നു.
സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി,എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ആർ.ബിന്ദു,കേരള കോൺഗ്രസ്സ്(എം) നിയോജക മണ്ഡലം പ്രസിഡണ്ട് ടി.കെ.വർഗ്ഗീസ്,
ജെ.ഡി.എസ് മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ,എൻ.സി.പി മണ്ഡലം പ്രസിഡണ്ട് ഗിരീഷ് മണപ്പെട്ടി,ആർ.എൽ.ശ്രീലാൽ,ആർ.എൽ.ജീവൻലാൽ,രാജൻ പുല്ലരിക്കൽ,
എം.ബി.രാജു തുടങ്ങിയവർ പ്രസംഗിച്ചു.കാട്ടുങ്ങച്ചിറ,ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്,മാടായിക്കോണം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നായി ആരംഭിച്ച മേഖലാ റാലികളിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.







+ There are no comments
Add yours