മലങ്കര ഓർത്തഡോക്‌സ് സഭയില്‍ ആത്മീയസുഗന്ധം നിറച്ച് വിശുദ്ധ മൂറോൻ കൂദാശ നടന്നു
എട്ട് വർഷത്തെ ഇടവേളയ്ക്കശേഷം നടന്ന കൂദാശയ്ക്ക് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികനായിരുന്നു.നീണ്ടനാളത്തെ പ്രാർത്ഥനകൾക്കും ജാഗരത്തിനും ശേഷമാണ് മലങ്കര ഓർത്തഡോക്സ് സഭയിലെ ശ്രേഷ്ഠ ഇടയനും , മേലധ്യക്ഷന്മാരും ചേർന്ന് പരിശുദ്ധ നോമ്പിലെ 40-ാം വെള്ളിയാഴ്ച മൂറോൻ കൂദാശ നടത്തിയത്.
സഭയിലെ മെത്രാപ്പോലീത്താമാർക്ക് പുറമേ ഓറിയന്റല്‍, റഷ്യൻ ഓർത്തഡോക്‌സ് സഭകളുടെ പ്രതിനിധികളും കൂദാശയില്‍ പങ്കെടുത്തു. വെള്ളിയാഴ്ച പുലർച്ചെ 4.30 ന് രാത്രി നമസ്‌കാരവും പ്രഭാതനമസ്‌കാരവും ആരംഭിച്ചു. കൃത്യം 6.40ന് മുഖ്യകാർമികനായ കാതോലിക്കാ ബാവായെ കാതോലിക്കേറ്റ് അരമന ചാപ്പലിലേക്ക് ആനയിച്ചുളള എഴുന്നളളത്ത് നടന്നു. തുടർന്ന് 7ന് വിശുദ്ധ മൂറോൻ കൂദാശയുടെ ദീർഘമായ ശുശ്രൂഷകൾ ആരഭിച്ചു.
സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്‌കോപ്പാ ശുശ്രൂഷയെക്കുറിച്ച് വിശ്വാസ സമൂഹത്തിന് വിശദീകരണം നടത്തി. വൈദിക ട്രസ്റ്റി ഡോ.തോമസ് വർഗീസ് അമയില്‍ ആർക്കദിയാക്കോൻ സ്ഥാനം വഹിച്ചു.
12 വൈദികർ, 12 പൂർണ ശെമ്മാശൻമാർ, 12 ഉപശെമ്മാശൻമാർ എന്നിവർ പൂർണ അംശവസ്ത്രധാരികളായി പങ്കെടുത്തു.
മാമോദീസാ, പള്ളികളുടെ കൂദാശ, വി.കുർബാനയർപ്പണ വേളയില്‍ ത്രോണോസില്‍ പൂജാപാത്രങ്ങള്‍ വെക്കുന്ന തബ് ലൈത്തായുടെ കൂദാശാ എന്നിവയ്ക്ക് വേണ്ടിയാണ് വി.മൂറോൻ ഉപയോഗിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നും കശ്മീരില്‍ നിന്നുമടക്കം എത്തിച്ചിട്ടുള്ള സുഗന്ധക്കൂട്ടുകളാണ് മൂറോനായി ഉപയോഗിച്ചത്. കൂദാശമധ്യേ ബല്‍സാം എന്ന സുഗന്ധതൈലവുമായി ചേർത്ത് വിശുദ്ധീകരിച്ചതോടെ മൂറോൻ പരിശുദ്ധാത്മാവിന്റെ അദൃശ്യസാന്നിധ്യത്താല്‍ പവിത്രമാക്കപ്പെട്ടു എന്നാണ് വിശ്വാസം.
ഓർത്തഡോക്സ് പാരമ്പര്യം പിന്തുടരുന്ന സഭകളില്‍ പതിറ്റാണ്ടുകളില്‍ മാത്രം നടത്താറുള്ള കൂദാശയാണ് മൂറോൻതൈലത്തിന്റെ വിശുദ്ധീകരണം. ഇതിന് മുൻപ് 1988, 1999, 2009, 2018 എന്നീ വർഷങ്ങളിലാണ് ദേവലോകം അരമന മൂറോൻ കൂദാശയ്ക്ക് വേദിയായിട്ടുള്ളത്. 1876 -ല്‍ മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയില്‍ നടന്ന മൂറോൻ കൂദാശയ്ക്ക് 150 വയസ് പൂർത്തിയാകുന്ന വേളയിലാണ് മലങ്കരസഭ ചരിത്രത്തിലെ പതിനൊന്നാം ശുശ്രൂഷയ്ക്ക് ദേവലോകം അരമന വേദിയായത് എന്നതും ഇത്തവണത്തെ കൂദാശയുടെ പ്രത്യേകതയാണ്
ഓർത്തഡോക്സ് സഭകളില്‍ പാത്രിയർക്കീസിനും കാതോലിക്കായ്ക്കും മാത്രമാണ് അതിവിശുദ്ധമായ ഈ കർമ്മം നിർവഹിക്കുവാൻ അവകാശമുള്ളത്. അതിനാല്‍ തന്നെ സഭകളുടെ സ്വയംശീർഷകത്വത്തിന്റെ പ്രതീകം കൂടിയാണ് ഈ ശുശ്രൂഷ. ഉച്ചക്ക് 2 മണിയോടെ ചടങ്ങുകൾ അവസാനിച്ചു. പവിത്രമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾക്കായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരുന്നത്.






+ There are no comments
Add yours